കോലഞ്ചേരി: കൊവിഡ്-19 ഭീതി പൊലീസ് സ്റ്റേഷനുകൾ കാലി, പള്ളി തർക്കങ്ങളും, കളവും, കഞ്ചാവ് കേസും, വാഹന അപകട കേസുകളും, ഒളിച്ചോട്ടവും, കാണാതാകലും തട്ടിപ്പും, വെട്ടിപ്പുമില്ല. കൊവിഡ് 19 ജീവനു ഭീഷണിയായതോടെ ജനം മറ്റെല്ലാ പ്രശ്‌നങ്ങളും തൽക്കാലം മറന്നു. കേസെടുക്കാതെ ഒത്തു തീർപ്പാക്കുന്ന അയൽവാസികൾ തമ്മിലുള്ള വഴക്ക് പോലും ഇപ്പോൾ പൊലീസ് സ്റ്റേഷൻ്റെ പടി ചവിട്ടുന്നില്ല. സ്റ്റേഷനുകളിൽ ആകെ രജിസ്റ്റർ ചെയ്യുന്നത് ലോക്ക് ഡൗൺ നിയമലംഘനങ്ങൾ മാത്രം. പള്ളി തർക്കങ്ങൾക്ക് പേരു കേട്ട പുത്തൻകുരിശ് ഇതിനായി ആഴ്ചയിൽ 15 കേസുകളെങ്കിലും രജിസ്റ്റർ ചെയ്യാറുള്ളതാണ്. ഇതെന്നും പൊലീസിനു തല വേദനയുമാണ്.

അസ്വാഭാവിക മരണമെന്ന നിലയിൽ രജിസ്റ്റർ ചെയ്യാറുള്ള ആത്മഹത്യകളും കുറഞ്ഞു. പുത്തൻ കുരിശിൽ ഇക്കാലയളവിൽ രണ്ടു അസ്വഭാവീക മരണ കേസുകൾ മാത്രമാണ് റിപ്പോർട്ടു ചെയ്തത്. വീട്ടിനകത്ത് എല്ലാവരും ഒന്നിച്ചു കൂടാൻ തുടങ്ങിയപ്പോൾ ആത്മഹത്യയുടെ സാഹചര്യം ഇല്ലാതായി എന്നാണു പൊലീസിൻ്റെ നിഗമനം.

ഇന്നലെ ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും ശക്തമായ പൊലീസ് പരിശോധന നടത്തി. അനാവശ്യമായി റോഡിലിറങ്ങിയ ഒരാളെ പോലും കടത്തി വിട്ടില്ലെന്നു മാത്രമല്ല അത്തരക്കാർക്കെതിരെ പുതിയ ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും ചെയ്തു.

#കള്ളന്മാരും ലോക്കായി

ജനങ്ങൾ വീടിനു പുറത്തിറങ്ങാത്തതിനാൽ വീടുകളിൽ കവർച്ചകൾ റിപ്പോർട്ട് ചെയ്യുന്നില്ല. പൂട്ടിയിട്ട വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നിട്ടുണ്ടോ എന്നു കടകൾ തുറന്നാലെ വ്യക്തമാകൂ. എങ്കിലും കവർച്ച സാധനങ്ങൾ കടത്താനുള്ള പ്രയാസം മൂലം കള്ളന്മാർ ഇതിനു തുനിയാൻ സാധ്യത കുറവാണെന്നു പൊലീസ് കരുതുന്നു.

#ലഹരി സംബന്ധമായ കേസുകൾ കുറഞ്ഞു

പൊലീസ് സ്റ്റേഷനുകളിൽ എത്തിയിരുന്ന കേസുകളിൽ 10 ശതമാനവും മദ്യം,ലഹരിമരുന്ന് ഉപയോഗത്തെ തുടർന്നുള്ളതായിരുന്നു. മദ്യപിച്ചുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ, വാക്കു തർക്കങ്ങൾ, കുടുംബ കലഹം തുടങ്ങിയവയുമാണ് മിക്ക സ്റ്റേഷനുകളിലും എത്തിയിരുന്നത്. എന്നാൽ മദ്യം കിട്ടാതായതോടെ അതെല്ലാം കുറഞ്ഞു. കഞ്ചാവ് കടത്തിനു ദിവസവും പിടിയിലായിരുന്ന ഫ്രീക്കൻമാരും ഇപ്പോൾ പുറത്തിറങ്ങുന്നില്ല.

#ഇതു വരെ ജില്ലയിൽ ലോക്ക് ഡൗണുമായി

ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ 2468

#2367 പേരെ അറസ്റ്റ് ചെയ്തു

#1469 വാഹനങ്ങൾ കണ്ടെത്തി