കിഴക്കമ്പലം: കൈകഴുകി കൊവിഡ് വ്യാപന ചങ്ങല പൊട്ടിക്കാൻ ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ച സംവിധാനങ്ങളിൽ പലതും നോക്കുകുത്തിയായി. വെള്ളമുള്ളിടത്ത് സോപ്പോ സാനിറ്റൈസറോ ഇല്ല. സോപ്പുള്ളിടത്ത് വെള്ളവുമില്ല. ചുരുക്കം ചിലതു മാത്രമാണ് കൃത്യമായി നോക്കി നടത്തുന്നത്. സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും യുവജന സംഘടനകളുമെല്ലാമാണ് വെള്ളവും സാനിറ്റൈസറും മറ്റും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. തുടർ ശ്രദ്ധയില്ലാത്തതിനാലാണു പലതും ഉപയോഗശൂന്യമായി. എ.ടി.എമ്മുകൾക്കു മുമ്പിൽ സ്ഥാപിച്ച സാനിറ്റൈസറുകളുടെയും കൈകഴുകൽ സംവിധാനത്തിന്റെയും അവസ്ഥയും ഇങ്ങനെയൊക്കെ തന്നെ. പട്ടിമറ്റത്തെ ഫെഡറൽ ബാങ്കിന്റെ എ.ടി.എമ്മിൽ സാനിറ്റൈസറിന്റെ കുപ്പി കാലിയാണ്. എസ്.ബി.ഐ യുടെ മേച്ചിങ്കര ആർക്കേഡിലുള്ള എ.ടി.എമ്മിൽ സാനിറ്റൈസർ പോലുമില്ല. കടയിരുപ്പ് ആശുപത്രിപ്പടിക്ക് മുന്നിൽ ബ്രേക്ക് ദി ചെയിൻ ബാനറിലൊതുങ്ങി. പട്ടിമറ്റം ടൗണിൽ വെള്ളമുണ്ട് സോപ്പില്ല. ചില സ്ഥലങ്ങളിൽ നിന്ന് സാനിറ്റൈസർ ആളുകൾ എടുത്തു കൊണ്ടുപോകുന്നതായി പരാതിയുമുണ്ട്. ബസ്, ഓട്ടോ സ്റ്റാൻഡുകളിൽ യാത്രക്കാരില്ലാത്തതിനാൽ കൈകഴുകൽ സംവിധാനത്തിന്റെ അഭാവം വലിയ പ്രതിസന്ധിയല്ല. എന്നാൽബാങ്കുകളിലും എ.ടി.എമ്മുകളിലും ഇപ്പോഴും ധാരാളം ആളുകൾ വന്നു പോകുന്നുണ്ട്.