കോലഞ്ചേരി: കോഴി വില ചാടിക്കളിക്കുന്നു, മീനിന് പൊന്നു വില. ഉള്ളി വീണ്ടും വീണു. ഇഞ്ചിയ്ക്ക് ഇഞ്ചോടിഞ്ച് വില കൂടുന്നു. ചെറു നാരങ്ങയ്ക്ക് ചെറിയ വിലയല്ല. ഗ്രീൻ പീസ് വില പിടിവിട്ടു. അരി വണ്ടികൾ വരാതായി.

രണ്ടു ദിവസം മുമ്പു വരെ 75 രൂപയ്ക്ക് വിറ്റ കോഴിയിറച്ചി വില ഇന്നലെ ഒറ്റയടിക്ക് കൂടി 105 -110ലെത്തി. ഈസ്റ്ററിന് വിലയേറ്റം പ്രതീക്ഷിച്ചുരുന്നെങ്കിലും അതിന് മുന്നേ വില കത്തിക്കയറി.

ഹോട്ടലുകളും, ബാറുകളും, തട്ടുകടകളും അടഞ്ഞുകിടക്കുന്നതിനാൽ വില്പന തീരെ ഇടിഞ്ഞു നില്ക്കുമ്പോഴാണ് മൊത്ത വിതരണക്കാർ കൊള്ള ലാഭമെടുത്ത് വില കുത്തനെ ഉയർത്തിയത്.

മീനെത്തുന്നത് കുറവാണ്. ഉള്ളയിടങ്ങളിൽ തീ വിലയും. കൊവിഡ് തിരക്കിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നിലച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും മാസങ്ങൾ പഴക്കമുള്ള മീനാണ് കടത്തിക്കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം കോലഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ അയല കറി വച്ചപ്പോൾ പതഞ്ഞു പൊങ്ങി. തിരുവനന്തപുരം കടയ്ക്കാവൂർ പൊലീസ് ആലക്കോട് വച്ച് കണ്ടെയ്നർ മീൻ വണ്ടി പിടിച്ചപ്പോൾ കണക്കിലുള്ള എണ്ണൂറു പെട്ടിയിൽ ബാക്കിയുള്ളത് 70 എണ്ണം മാത്രം. ബാക്കിയുള്ളവ എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇറക്കിയെന്നാണ് ജീവനക്കാരുടെ മൊഴി.

കർണാടകയിൽ മാസങ്ങളായി രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിച്ച മീനായിരുന്നു ഇവ. അയല 250, ചാള 300, കേര 380, ഓലക്കൊടിയൻ 450 എന്നിങ്ങിനെയാണ് ഈ രാസമീനുകൾക്ക് വിലയീടാക്കുന്നത്.

കുതിച്ച് ചാടി 120ലെത്തിയ ചെറിയ ഉള്ളി ഇന്നലെ 60ലേയ്ക്ക് താണു. സവാള ഒന്നര കിലോ 50 ആയതും ഉള്ളി പ്രേമികൾക്ക് ആശ്വാസമായി.

ഇഞ്ചി വില ഓരോ ദിവസവും കുതിപ്പിലാണ്. ഇന്നലെ കിലോ വില 160ലെത്തി. ചെറുനാരങ്ങ വില 150 ലേയ്ക്കുയർന്നു.

ലോക്ക് ഡൗണിനു മുമ്പ് 110 നു വിറ്റ ഗ്രീൻ പീസ് 160ലെത്തി.

സൗജന്യ റേഷൻ വി​തരണം അരി വിലയെ പി​ടി​ച്ചുനി​റുത്തി​. ആവശ്യക്കാർ കുറഞ്ഞതോടെ അരി വണ്ടി വരവും കുറഞ്ഞു.