dr-thomas-vinu
ആലുവ ഗേൾസ് സ്‌കൂൾ ക്യാമ്പിലെത്തി ഡോ: തോമസ് വിനു ഒരു മാസം പ്രായമായ കുഞ്ഞിനെ പരിശോധിക്കുന്നു

ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ക്യാമ്പിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ ഒരുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ മറ്റെല്ലാ തിരക്കും മാറ്റിപാഞ്ഞെത്തിയ ഡോ. തോമസ് വിനു നന്മയുടെ പ്രതീകമാവുകയാണ്. ഉത്തർപ്രദേശുകാരായ സുരേഷ് റാം - അനു ദമ്പതികളുടെ കുഞ്ഞിനെ ചികിത്സിക്കാനാണ് ആലുവ കാരോത്തുകുഴി ആശുപത്രിയിലെ ഡോ. തോമസ് വിനു എത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കുഞ്ഞിന് മൂക്കൊലിപ്പുണ്ടായത്. വിവരമറിഞ്ഞ ആലുവ നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലെന്ന മറുപടിയാണ് ലഭിച്ചത്. കുട്ടികളുടെ ഡോക്ടർമാരായ പലരെയും ബന്ധപ്പെടാൻ നോക്കിയെങ്കിലും ശ്രമം ഫലിച്ചില്ല. ഒടുവിൽ ആരോഗ്യ പ്രവർത്തക സിനിമോളാണ് ഡോ. തോമസ് വിനുവിനെ എത്തിച്ചത്. കുഞ്ഞിപ്പോൾ സുഖംപ്രാപിച്ചുവരുന്നു.

സുരേഷ് റാമും കുടുംബവും ലോക്ക് ഡൗണിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ആലുവ ഗവ: ഗേൾസ് സ്‌കുളിലെ ക്യാമ്പിലാണ് . ഇവർക്കൊപ്പം മൂത്തമകൾ മൂന്ന് വയസുകാരി റിയയുമുണ്ട്. ഇളയകുട്ടിക്ക് ജലദോഷവും പനിയുമായതിനാൽ ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടറെത്തേടി നഗരസഭാ അധികൃതർ പോയെങ്കിലും അവധിയിലായിരുന്നു.

ഹോട്ടൽ തൊഴിലാളിയായ സുരേഷ് റാം മാറമ്പിളിയിലാണ് താമസിക്കുന്നത്. കൊവിഡ് -19 ഭീതിയെ തുടർന്നാണ് ക്യാമ്പിലെത്തിയത്. ആലുവ നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, സെക്രട്ടറി ടോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുരുന്നിന് കളിപ്പാട്ടങ്ങളും പോഷകാഹാരങ്ങളും മരുന്നുകളും നൽകി. അൻവർ സാദത്ത് എം.എൽ.എയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.