പിറവം: പിറവത്ത് അന്നം മുടക്കാതെ സമൂഹ അടുക്കളകൾ സജീവം. നഗരസഭയിലെ അടുക്കളയിൽ നിന്ന് ദിവസേന 150 ഓളം ആളുകൾക്ക് രണ്ടു നേരം ഭക്ഷണം നൽകുന്നുണ്ട്. അനൂപ് ജേക്കബ് എം.എൽ.എ. , മുൻ ഉപാദ്ധ്യക്ഷയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഐഷാ മാധവ്, നഗരസഭാ പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ , കൗൺസിലർമാരായ സോജൻ ജോർജ്, സിജി സുകുമാരൻ, മുകേഷ് തങ്കപ്പൻ എന്നിവരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ ഒട്ടനവധി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും അടുക്കളയിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജന സാധനങ്ങളും കൈമാറുന്നുണ്ട്.
# സഹായങ്ങളുമായി സംഘടനകൾ
ടി.എം.ജേക്കബ് ചാരിറ്റബിൾ സൊസൈറ്റി 100 കിലോ അരി നൽകിയതിനു പുറമെ അനൂപ് ജേക്കബ് എം.എൽ.എയും 100 കിലോ അരി നൽകി. സൊസൈറ്റി മറ്റ് 11 അടുക്കളകൾക്കും 100 കിലോ വീതം അരി നൽകി. സന കാറ്ററിംഗ് ഉടമ അനിൽ ജോർജ് ഭക്ഷ്യധാന്യങ്ങൾ സംഭാവന ചെയ്തു.സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ .നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇന്നലെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി ഉൾപ്പെടെയുള്ള കിറ്റുകൾ നൽകി. യാക്കോബായ പ്രവർത്തകർ അടുക്കളയിലേക്ക് ആവശ്യമായ വിറക് നൽകി .ശാസ്ത്രസാഹിത്യ പരിഷത്ത്, കക്കാട് സ്വാശ്രയ കർഷക സംഘം തുടങ്ങി ഒട്ടേറെ സംഘടനകളും വൃത്തികളും സംഭാവന നൽകി.
# സമൃദ്ധമായ ഭക്ഷണം
ഉച്ചയ്ക്ക് ചിക്കൻ അല്ലെങ്കിൽ ബീഫ് കറിയോടു കൂടിയ ഊണ് ,വൈകീട്ട് ചപ്പാത്തിയും ചിക്കൻ കറിയും അല്ലെങ്കിൽ ദോശയും മുട്ടക്കറിയും. തനിവെജിറ്റേറിയൻ വേണ്ടവർക്ക് അങ്ങനെയും .ഇങ്ങനെ പോകുന്നു ഭക്ഷണ രീതി.
# പ്രയർ സെൻ്ററിൽ
കക്കാട് ക്രിസ്തുരാജ പ്രയർ സെന്ററിന്റെയും പിറവം വലിയപള്ളിയുടേയും നേതൃത്വത്തിലും ആവശ്യമായ ഭക്ഷണം നൽകുന്നുണ്ട്.നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് ഇവിടത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .