കൊച്ചി: ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിലെത്തിയ മലയാളി കുടുംബത്തിന് കൊവിഡ് ബാധിച്ചുവെന്ന വാർത്ത വന്നതു മുതൽ തങ്ങളുടെ കാലക്കേട് തുടങ്ങിയെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. പിന്നീട് ഓട്ടോയിൽ കയറാൻ ആളുകൾക്ക് ഭയമായി. ഇരുന്നൂറു രൂപയ്ക്ക് പോലും ഓട്ടം കിട്ടാത്ത ദിവസങ്ങളുണ്ടായി. ലോക്ക് ഡൗൺ വന്നതോടെഎല്ലാവരും വീട്ടിൽ ഇരിപ്പായി. പൊലീസിന്റെ കർശന പരിശോധന ഭയന്ന് ആശുപത്രി ഓട്ടം വന്നാൽ പോലും ഇപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ഭയമാണെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ക്ഷേമനിധി അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ രണ്ടായിരം രൂപ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ക്ഷേമനിധി അംഗങ്ങളല്ലാത്ത നിരവധി പേരുണ്ട്. വാഹനനികുതിയും ഇൻഷ്വറൻസും കൃത്യമായി അടയ്ക്കുന്ന തങ്ങളെയും സർക്കാർ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

"സൗജന്യ റേഷൻ ലഭിച്ചത് ആശ്വാസമായി. എന്നാൽ വീട്ടിലേക്കാവശ്യമായ ബാക്കി സാധനങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. തേയിലയും പഞ്ചസാരയും പോലും ആഡംബരമായി. ലോൺ തുക അടയ്ക്കേണ്ട സമയമായെന്ന് ബാങ്കിൽ നിന്ന് ആവർത്തിച്ച് അറിയിപ്പുകൾ വന്നുതുടങ്ങി. രണ്ടു മാസത്തെ വീട്ടു വാടക കുടിശികയാണ്. സ്കൂൾ തുറക്കാൻ ഇനി അധിക സമയമില്ല. യൂണിഫോം, പുസ്തകങ്ങൾ എല്ലാം വാങ്ങാൻ വഴി കാണണം. കോളേജ് വിദ്യാർത്ഥികളായ മക്കളുണ്ടെങ്കിൽ ചെലവുകൾ വീണ്ടും വർദ്ധിക്കും. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങൾ വരെയുള്ളവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എല്ലാവരും മരുന്ന് വാങ്ങാൻ പണമില്ലാതെ കഷ്‌ടപ്പെടുകയാണ്". .എറണാകുളം നോർത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ രമേശ് പറഞ്ഞു.

# റെയിൽവേ കനിയുമെന്ന

പ്രതീക്ഷയിൽ

നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകളിൽ ഓടുന്നതിന് റെയിൽവേയിൽ ഒരു വർഷത്തേക്ക് 1500 രൂപ മാർച്ച് 31 നകം അടയ്ക്കണമെന്ന് നിബന്ധനയുണ്ട്. ലോക്ക് ഡൗൺ കണക്കിലെടുത്ത് തീയതി നീട്ടിത്തന്നാലും ഈ തുക എങ്ങനെ കണ്ടെത്തുമെന്ന വേവലാതിയിലാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ

.സ്കൂൾ തുറക്കാൻ ഇനി അധിക സമയമില്ല. യൂണിഫോം, പുസ്തകങ്ങൾ എല്ലാം വാങ്ങാൻ വഴി കാണണം.

സൗജന്യ റേഷൻ ലഭിച്ചത് ആശ്വാസമായി.

എന്നാൽ വീട്ടിലേക്കാവശ്യമായ ബാക്കി സാധനങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥ.