പറവൂർ : കൊവിഡ് - 19 സമൂഹവ്യാപന സാദ്ധ്യതകൾ മുന്നിൽക്കണ്ട് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വി.ഡി. സതീശൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പറവൂർ താലൂക്ക് ആശുപത്രിയിൽ ഒരു ബ്ളോക്ക് കൊവിഡ് - 19 ആശുപത്രിയാകും. ഇതിനായി ഇരുപത്തഞ്ച് കിടക്കകൾ തയ്യാറാക്കും. കൊവിഡ് വാർഡ് വേർതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യും. ജൻഔഷധി മെഡിക്കൽ ഷോപ്പും സപ്ളൈകോ മെഡിക്കൽ ഷോപ്പും പറവൂർ എൽ.പി.ജി സ്കൂളിലേയ്ക്ക് മാറ്റും. അടിയന്തര സാഹചര്യമുണ്ടായാൽ നിർമ്മാണം പൂർത്തിയായിട്ടുള്ള ഗസ്റ്റ്ഹൗസിന്റെ പുതിയകെട്ടിടം ഏറ്റെടുക്കും. ഇവിടെ ആറ് സ്യൂട്ടുറൂമുകളും പന്ത്രണ്ട് ഡബിൾ മുറികളും ഒരു ഹാളും റെസ്റ്റേറന്റ് സൗകര്യങ്ങളുമുണ്ട്. ആശുപത്രിയിലേയ്ക്ക് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകളും ഓക്സിജൻ സിലണ്ടറുകളും ലഭ്യമാക്കും. ഇന്റെൻസീവ് കെയർ യൂണിറ്റ് സജ്ജീകരിക്കും. പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് ആവശ്യമായ പണം നൽകും. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഏഴുദിവസം കൊണ്ട് പൂർത്തിയാകുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ഡോ. കാർത്തിക് ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.