കൊച്ചി: കൊവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊലീസിന് സുരക്ഷ സാമഗ്രികളൊരുക്കി ഹൈബി ഈഡൻ എം.പി. മുത്തൂറ്റ് എം.ജോർജ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തി മുത്തൂറ്റ്
എം.ജോർജ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, സി.എസ്. ആർ ഹെഡ് ബാബു ജോൺ മലയിൽ, ഹൈബി ഈഡൻ എം.പിയുടെ പഴ്‌സണൽ സ്റ്റാഫംഗം ജോബിൻ ജോസഫ് എന്നിവർ ഡി.സി.പി, ജി.പൂങ്കഴലിക്ക് സുരക്ഷ സാമഗ്രികൾ കൈമാറി
2500 ഹാൻഡ് സാനിറ്റൈസർ, 10000 ഗ്ലൗസുകൾ, 200 എൻ 95 മാസ്‌ക്കുകൾ, 2500 ത്രീ പ്‌ളൈ മാസ്‌ക്കുകൾ എന്നിവയാണ് നല്കിയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പൊലീസുകാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എം.പി കേന്ദ്ര ധനാകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കത്ത് നല്കിയിരുന്നു.