കൊച്ചി: കൊവിഡ് രോഗനിർണയം മുതൽ കുട്ടികൾക്ക് വീഡിയോ ഗെയിം കളിക്കുന്നതിന് വരെ അവസരമൊരുക്കുന്ന വെബ്‌സൈറ്റുമായി ടി ജെ വിനോദ് എം.എൽ.എ.
www.careekm.com എന്ന വെബ് സൈറ്റിലാണ് 'ചാറ്റ് ബോട്ട് ' വഴി ആരോഗ്യനില അറിയിക്കുവാനും നിമിഷങ്ങൾക്കുള്ളിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് ബോദ്ധ്യപ്പെടാനും ആവശ്യമെങ്കിൽ ചികിത്സയിലേക്ക് പോകാനുമുള്ള സൗകര്യമുള്ളത്.
ചെന്നൈ അപ്പോളോ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആശുപത്രികൾ ലഭ്യമാക്കുന്ന ഓൺലൈൻ സൗകര്യം കൂടിയാണിത്. ലോക്ക് ഡൗണിൽ കഴിയുന്ന കുടുംബങ്ങൾക്ക് എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും ഭക്ഷ്യ ലഭ്യതയെക്കുറിച്ച് അറിവ് നൽകുന്നത് ഉൾപ്പെടെ മരുന്നുകൾ ലഭിക്കുന്ന സ്ഥലങ്ങൾ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. വീടുകളിലും മറ്റും ഒറ്റപ്പെട്ടു കഴിയേണ്ട സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷം അനുഭവിക്കുന്നവർക്കായി എം. എൽ. എ ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലിംഗ് സൗകര്യങ്ങളുടെ വിശദാംശങ്ങളും കുട്ടികളുടെ വിനോദത്തിനായി പലതരം ക്വിസ്,ഫ്ലാഷ് ഗെയിമുകൾ, വീഡിയോകൾ എന്നിവയും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നടൻ മമ്മൂട്ടിയാണ് മിനിയാന്ന് രാവിലെ ഫേസ്ബുക്ക് പേജിലൂടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന 'സ്‌ട്രോക്ക്‌സ് ടെക്‌നോളജീസ്' എന്ന സോഫ്‌ട്‌വെയർ കമ്പനിയാണ് വെബ് സൈറ്റിൻ്റെ സാങ്കേതിക സഹായങ്ങൾ നൽകുന്നത്.