കോതമംഗലം: കോതമംഗലത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പഴം-പച്ചക്കറി സംഭരണ വിപണന കേന്ദ്രം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ പഞ്ചായത്തുകളിലെ കർഷകർ തങ്ങളുടെ വിളകൾ വിപണിയിൽ രാവിലെ തന്നെ എത്തിച്ചു.വെള്ളരി, പടവലം, കുക്കുമ്പർ, മത്തങ്ങ, കോവയ്ക്ക, പച്ചമുളക്, പാവയ്ക്ക, പീച്ചിങ്ങ, ചുരയ്ക്ക്ക, ഏത്തക്കായ, പൈനാപ്പിൾ, ഇഞ്ചി, വഴുതന, വെണ്ടയ്ക്ക, പയർ, തുടങ്ങി എല്ലാ ഇനം പച്ചക്കറികളും വില്പനയ്ക്കായി കർഷകർ എത്തിച്ചിരുന്നു. മാർക്കറ്റ് വിലയിൽ നിന്നും20 രൂപ വരെ വിലക്കുറവിലാണ് വില്പന നടത്തിയത്. കർഷകർക്ക് പരമാവധി വില ലഭ്യമാക്കുകയും ചെയ്തു. സംരംഭം കർഷകർക്കും ഉപഭോക്താക്കൾക്കും ഏറെ ഗുണകരമാകുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീമിന്റെസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ബ്ലോക്ക് തലത്തിൽ ഇത്തരം വിപണന കേന്ദ്രങ്ങൾ സ്ഥിരം സംവിധാനമാക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വിപണ രംഗത്ത് കാര്യമായ ഇടപെടൽ നടത്തുന്നത് സംബന്ധിച്ച് കൃഷി വകുപ്പിന്റെനിർദ്ദേശത്തെ തുടർന്നാണ് വിപണന സാദ്ധ്യതയുള്ള കോതമംഗലം ചെറിയപള്ളിത്താഴത്ത് ഈ സംരംഭം തുടങ്ങിയതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ .വി.പി.സിന്ധു പറഞ്ഞു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എം.എൻ.രാജേന്ദ്രൻ, കെ.സി.സാജു, കെ.എം. ബോബൻ, ഇ.പി. സാജു, വി.കെ.ജിൻസ്, പി.ടി. ഷിബു,ബേസിൽ പി.ജോൺ, രഞ്ജിത് തോമസ്, ആഗ്രോ സർവീസ് സെൻ്റർ അംഗങ്ങളായ എബി ജോൺ, ഷംസുദ്ദീൻ എന്നിവർ സംഭരണ വിപണന ചുമതല ഏറ്റെടുത്തു. ഞായറാഴ്ചയും സ്ഥാപനം തുറന്ന് പ്രവർത്തിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ആദ്യ ദിവസം 32 കർഷകരിൽ നിന്നായി രണ്ടര ടൺ ഉത്പന്നങ്ങളാണ് സംഭരിച്ചത്.