കൊച്ചി: മഹാത്മാഗാന്ധി നടത്തിയ ദണ്ഡിയാത്രയുടെ തൊണ്ണൂറാം വാർഷികം അനുസ്മരിക്കാൻ നാളെ (തിങ്കളാഴ്ച) സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ ഒരുങ്ങി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി .
'എൻ്റെ വീടും സബർമതി ' എന്ന മുദ്രാവാക്യവുമായി സ്വന്തം ഭവനങ്ങളിൽ നിന്ന് ഗാന്ധീയൻ പ്രചാരം ആരംഭിക്കുകയാണ് ലക്ഷ്യം. ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിലാണ് പൊതുസ്ഥലങ്ങൾ ഒഴിവാക്കി സ്വന്തം ഭവനങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കിയ ശേഷം ഭവനങ്ങളിൽ തന്നെ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ സമർപ്പിക്കും.
യാത്രയുടെ നവതിയാഘോഷിക്കുന്ന ഈ അവസരത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലേയും പ്രവർത്തകർ അനുസ്‌മരണത്തിൽ തത്സമയം പങ്കെടുക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ്കുമാറും ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിലും അറിയിച്ചു.