കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ജീവനക്കാരോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു.

മലബാർ ദേവസ്വം ബോർഡിൽ രണ്ടുവർഷത്തിലധികമായി ശമ്പളം കിട്ടാതെ നരകിക്കുന്ന ജീവനക്കാർ ഒരുപാടുണ്ട്. 2014 മുതൽ ഒരു രൂപ പോലും ശമ്പളയിനത്തിൽ കിട്ടാത്ത കഴക ജീവനക്കാരുണ്ട്.സ്വകാര്യ ക്ഷേത്രങ്ങളിൽ നിശ്ചയിച്ച വേതനനിരക്കിന്റെ നാലിലൊന്നു പോലും മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് നൽകുന്നില്ല. മലബാർ ദേവസ്വം ബോർഡിലെ ഡി ഗ്രേഡ് ക്ഷേത്രങ്ങളിൽ പൂജാരിയുടെ അടിസ്ഥാന ശമ്പളം 2200 രൂപയാണ്. കഴകം 2050 രൂപ.സ്വീപ്പർ 750 രൂപ. ഇവർക്ക് ഇടക്കാലാശ്വാസമായി 2000 രൂപ നൽകണം എന്ന ഉത്തരവല്ലാതെ ഒരു രൂപ പോലും ഫണ്ട് അനുവദിച്ചിട്ടില്ല. ഭക്തർ എത്താത്തതിനാൽ ദക്ഷിണയിനത്തിൽ പോലും അവർക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണ് ശമ്പളമില്ലാത്ത ആ ജീവനക്കാരെ പട്ടിണി മരണത്തിലേക്ക് തള്ളിവിടുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ശശികല പറഞ്ഞു.