മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിൾ ഇനി മുതൽ സംസ്ഥാനത്തെ സപ്ലൈകോ ഓട്ട് ലറ്റുകളിലും ലഭ്യമാകും. വാഴക്കുളം പ്രദേശത്തെ കർഷകരിൽ നിന്നും ഹോർട്ടി കോർപ്പ് സംഭരിക്കുന്ന പൈനാപ്പിൾ സപ്ലൈകോ ഔട്ട് ലറ്റുകളിൽ വില്പന നടത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുമതി നൽകിയതോടെയാണ് സപ്ലൈകോ ഔട്ട് ലറ്റുകളിൽ വില്പനയ്ക്ക് കളമൊരുങ്ങിയത്. കോവിഡ് 19നെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാഴക്കുളത്ത് പൈനാപ്പിൾ വിപണനം നടത്താൻ കഴിയാതെ കർഷകർ ദുരിതത്തിലാവുകയായിരുന്നു. 3000 ടൺ പൈനാപ്പിളാണ് വിളവെടുക്കാൻ കഴിയാതെ കെട്ടികിടന്നത്. ഇതേ തുടർന്ന് എൽദോ എബ്രഹാം എം.എൽ.എ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാറിന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് വാഴക്കുളത്തെ രജിസ്‌ട്രേഡ് കർഷകരിൽ നിന്നും ഹോർട്ടി കോർപ്പ് പൈനാപ്പിൾ സംഭരണം ആരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ പൈനാപ്പിളിനെ അവശ്യ ഭക്ഷ്യ വസ്തുവിൽ ഉൾപ്പെടുത്തുകയും ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ അടഞ്ഞ് കിടന്ന സ്വകാര്യ പൈനാപ്പിൾ പ്രൊസസിംഗ് കമ്പനിയ്ക്ക് പ്രവർത്തനാനുമതി നൽകി. കമ്പനികൾ പൈനാപ്പിൾ സംഭരണം ആരംഭിച്ചതും പൈനാപ്പിളിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും കർഷകർക്ക് തുണയായി. സപ്ലൈകോവഴി പൈനാപ്പിൾ വിപണനം നടത്തണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ ഭക്ഷ്യ മന്ത്രി പി.തിലോത്തമന് നിവേദനം നൽകിയതിനെ തുടർന്ന് സംസ്ഥാനത്തെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാറുകൾ അടക്കമുള്ള 1600ഓളം വരുന്ന സപ്ലൈകോ ഒട്ട് ലറ്റുകളിൽ പൈനാപ്പിൾ വില്പന നാളെ (തിങ്കൾ) മുതൽ ആരംഭിക്കുകയാണ് . ഇതോടൊപ്പം തന്നെ ഹോർട്ടി കോർപ്പ് ഒന്നിട ദിവസങ്ങളിൽ പൈനാപ്പിൾ സംഭരണം തുടരും. കഴിഞ്ഞ ദിവസം ലുലുവിന്റെ വിദേശ മാർക്കറ്റുകളിലേക്കായി ഒന്നര ടൺ വാഴക്കുളം പൈനാപ്പിൾ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും കയറ്റി അയച്ചിരുന്നു.