നെടുമ്പാശേരി: പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ നാരായണപിള്ള ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ 'വീട്ടിലൊരു പച്ചക്കറിത്തോട്ടം'പദ്ധതിയുമായി മാതൃകയാവുന്നു. തൻെറ ഓണറേറിയം ഉപയോഗിച്ച് വാങ്ങിയ പച്ചക്കറി തൈകളാണ് നാട്ടുകാർക്ക് നൽകുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിലപ്പെട്ട സമയം ഗുണകരമായ രീതിയിൽ ചെലവഴിക്കുന്നതിനായി നാട്ടുകാരെ പ്രേരിപ്പിക്കുന്ന പദ്ധതിക്കാണ് സന്ധ്യ തുടക്കം കുറിച്ചിട്ടുള്ളത്. വീടിന് ഇരുവശങ്ങളിലുമുള്ള നെടുമ്പാശേരി പഞ്ചായത്തിലെ 13, 14 വാർഡുകളിലെ തുരുത്തിശേരി മുകുന്ദപുരം റസിഡൻറ്‌സ് അസോസിയേഷൻ, പള്ളംകവല, തുരുത്തിശ്ശേരി വെസ്റ്റ്, വാളയേപ്പുറം , 'എയർ വ്യൂ' എന്നീ അഞ്ച് റസിഡന്റ്സ് അസോസിയേഷനുകളിലെ അറിനൂറോളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം.
ഗുണനിലവാരം കൂടിയ വിവിധയിനം പച്ചക്കറി തൈകൾ സൗജന്യമായി നൽകി. അസോസിയേഷൻ ഭാരവാഹികളായ ഗോപി മോഹനൻ, എ.ജി സജിത്ത്, എ.കെ. ധനേഷ് എന്നിവർക്ക് പച്ചക്കറി തൈകൾ നൽകി അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്ധ്യ നാരായണപിള്ള പദ്ധതി വിശദീകരിച്ചു. നെടുമ്പാശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.