കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് സി.ബി.എസ്.ഇ സ്‌കൂളുകൾ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള പ്രതിനിധികൾ കേന്ദ്ര മാനവവിഭവശേഷി, ധനകാര്യ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
സർക്കാർ നിർദ്ദേശപ്രകാരം മാർച്ച് ആദ്യം സ്‌കൂൾ പൂട്ടേണ്ടിവന്നതും കഴിഞ്ഞ അദ്ധ്യയന വർഷത്തെ ഫീസ് കുടിശിക പിരിച്ചെടുക്കൽ നിറുത്തിവച്ചതും പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ നീട്ടിവച്ചതുമാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയത്.
ഒരു ലക്ഷത്തിലധികം ജീവനക്കാർ ഈ രംഗത്തുണ്ട്. പുതിയ പ്രവേശനം വഴിയാണ് ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല ശമ്പളം നൽകിയിരുന്നത്. പ്രവേശനം നിറുത്തിയത് ശമ്പളവിതരണത്തെ ബാധിക്കും. മേഖലയിൽ തുടരുന്ന അനിശ്ചിതത്വം ജോലി ഭദ്രതയെയും ബാധിക്കുന്നതിനാൽ അടിയന്തര സഹായം ആവശ്യമാണ്. മറ്റു മേഖലകൾക്കു സാമ്പത്തികസഹായം നൽകിയതുപോലെ സ്കൂൾ മേഖലയേയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജന്റെ നേതൃത്വത്തിൽ നിവേദനം നൽകി.

ഓൺലൈൻ യോഗത്തിൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള പ്രസിഡന്റ് ജോസ് തോമസ്, വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവരും പങ്കെടുത്തു.