കൊച്ചി: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഷാർജയിൽ നിന്നും മാർച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും ചുമയും അനുഭവപ്പെടുകയും വിമാനത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പത്തനംതിട്ട സ്വദേശിക്ക് ഏപ്രിൽ ഒന്നിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ തുടർചികിത്സ തേടുകയായിരുന്നു. ഏപ്രിൽ രണ്ടു മുതൽ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളായ ആറു പേരോടും വിമാനത്താവളത്തിൽ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവറോടും മുൻകരുതൽ നടപടികളുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു.

 11878 പേർ നിരീക്ഷണത്തിൽ

ഇന്നലെ 175 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലായിരുന്ന 430 പേരെ ഒഴിവാക്കി. വീടുകളിൽ നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,842 ആയി. ഇന്നലെ നാലു പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.മൂന്നു പേർഎറണാകുളം മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്നലെ നാലു പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ എണ്ണം 36. 24 പേർ മെഡിക്കൽ കോളേജിലും ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടു പേർ ആലുവ ജില്ലാ ആശുപത്രിയിലും,ഏഴു പേർ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളവർ 11878.

 28 നെഗറ്റീവ്

ഇന്നലെ 38 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചു..ഇന്നലെ ലഭിച്ച 29 പരിശോധന ഫലങ്ങളിൽ ഒന്ന് മാത്രമാണ് പൊസിറ്റീവ്. 94 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ രണ്ട് കൊവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്.