ഫോർട്ടുകൊച്ചി: രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കൊവിഡ് സ്പെഷ്യൽ ആശുപത്രി മട്ടാഞ്ചേരിയിൽ ഒരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ അധീനതയിലുള്ളതാണ് ഈ ആശുപത്രി.

രണ്ട് കോടി രൂപ ചെലവിലാണ് കൊവിഡ് ചികിത്സയ്ക്കായി ആശുപത്രി പരിഷ്കരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യമാണ് പദ്ധതി നടപ്പാക്കുക. മൂന്നുമാസം കൊണ്ട് പൂർത്തിയാക്കും.

അടുത്ത ദിവസം തന്നെ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.കെ.ജെ. മാക്സി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വകയിരുത്തും. ബാക്കി പണം ജില്ലാ കളക്ടറുടെ ഇതര ഫണ്ടുകളിൽ നിന്ന് കണ്ടെത്തും.

രോഗം ബാധിച്ചവരെയും സംശയമുള്ളവരെയും ഇവിടെ ചികിൽസിക്കാൻ കഴിയും. മാത്രമല്ല പ്രസവ സംബന്ധമായ കാര്യങ്ങൾക്കുള്ള പ്രത്യേക സംവിധാനവും ആശുപത്രിയിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഏകോപനത്തിനായി ഡി.എം.ഒ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്തി. കെ.ജെ. മാക്സി എം.എൽ.എ, ജില്ലാ കളക്ടർ എസ്.സുഹാസ് എന്നിവരും മന്ത്രിയോടൊപ്പം ആശുപത്രി സന്ദർശിച്ചു.