വൈപ്പിൻ : അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള യന്ത്രവത്കൃത ബോട്ടുകൾ എറണാകുളം ജില്ലയിലെ കരക്കടുപ്പിക്കൽ കേന്ദ്രത്തിലോ ഹാർബറിലോ അടുപ്പിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചു. ഈ ബോട്ടുകളിൽ വരുന്ന ഏതെങ്കിലും മലയാളിക്ക് ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടണം. തമിഴ്‌നാട്ടിൽ നിന്ന് ബോട്ടുകൾ വഴി ആളുകൾ എറണാകുളം ജില്ലയിൽ എത്തിച്ചേരാൻ സാദ്ധ്യതയുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 24 ന് മുൻപ് മത്സ്യബന്ധനത്തിന് പോയ കേരള രജിസ്‌ട്രേഷനുള്ള ബോട്ടുകൾ ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ മാത്രം ജില്ലയിൽ പ്രവേശിക്കാം. ഇത്തരം ബോട്ടുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ ബോട്ടിൽനിന്ന് മത്സ്യം ഇറക്കാൻ പാടുള്ളൂ. ലേലം ഒഴിവാക്കിവേണം വിപണനം നടത്താൻ. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള ബോട്ടുകൾക്ക് മറ്റെവിടെങ്കിലും പോകുവാൻ ഡീസൽ അടിക്കേണ്ട സാഹചര്യം ഉണ്ടായാൽ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഡീസൽ അടിച്ച് എത്രയും വേഗം ഇവിടെ നിന്ന് പോകണം.