നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ അശരണർക്ക് അന്നം വിളമ്പി ചൊവ്വര ശ്രീ ചിദംബരേശ്വര മഹാദേവക്ഷേത്ര ഉപദേശക സമിതി. ചൊവ്വരയിലും ശ്രീമൂലനഗരം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും ആലുവയിലും കഴിഞ്ഞ ആറുദിവസമായി അശരണർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നു.
കൂടാതെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണസാമഗ്രികൾ അടങ്ങുന്ന കിറ്റും നൽകുന്നു. ചിദംബരേശ്വര ക്ഷേത്ര ഊട്ടുപുരയിൽ പാചകം ചെയ്താണ് ഭക്ഷണം നൽകുന്നത്.
കഴിഞ്ഞ പ്രളയമുണ്ടായപ്പോഴും, മലബാർ മേഖലയിൽ പ്രളയം വന്നപ്പോഴും ചിദംബരേശ്വര ക്ഷേത്ര ഉപദേശകസമിതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുമ്പിലുണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചികിത്സാധനസഹായങ്ങളും നൽകുന്നുണ്ട്.
ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഭക്ഷണം വിതരണം ചെയ്യാണ് ക്ഷേത്ര ഉപദേശകസമിതി തീരുമാനം.