കൊച്ചി: നഗരത്തിലെ പനമ്പള്ളിനഗർ വാക്ക്‌വേയിലൂടെ ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാതനടത്തം നടത്തിയ രണ്ടു സ്‌ത്രീകൾ ഉൾപ്പെടെ 41 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. രണ്ടു വർഷം തടവും പതിനായിരും രൂപ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
ദിവസങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് ലോക്ക് ഡൗൺ ലംഘിച്ച് ചിലർ നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരെ താക്കീതും ചെയ്‌തിരുന്നു. കഴിഞ്ഞദിവസം ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ ആളുകൾ കൂട്ടമായി നടക്കുന്നതും വ്യക്തമായി. ഇതോടെ ഇന്നലെ രാവിലെ ആറരയ്‌ക്ക് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി. നടക്കാനിറങ്ങിയ മുഴുവൻ പേരെയും അറസ്‌റ്റ് ചെയ്‌ത് എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് ഇവരെ കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷം ജാമ്യത്തിൽവിട്ടു.അടുത്ത ദിവസങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണ പറക്കൽ നടത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.