റിയോ ഡി ജെനിറോ: ലോകത്ത് ആരാധകർ ഏറെയുള്ള സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും. ഇവരിൽ ആരാണ് കേമൻ ? അക്കാര്യത്തിൽ തർക്കം തുടരുകയാണ്. എന്നാൽ ബ്രസീൽ സൂപ്പർ താരം കക്ക ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹതാരം ആയിരുന്നെങ്കിലും റൊണാൾഡോയെക്കാൾ പ്രിയപ്പെട്ടവൻ മെസിയാണെന്നാണ് കക്കയുടെ അഭിപ്രായം. ഞാൻ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. എന്നാൽ ഏറ്റവും മികച്ചവൻ മെസിയാണെന്നാണ് എന്റെ അഭിപ്രായം. ഫിഫ ചാനലിന് നൽകിയ അഭിമുഖത്തിൽ കക്ക പറഞ്ഞു.
മെസി ബുദ്ധിമാനായ കളിക്കാരനാണ്. അദ്ദേഹം കളിക്കുന്ന ശൈലിയാണ് അദ്ദേഹത്തെ പ്രതിഭയാക്കുന്നത്.
എന്നാൽ റൊണാൾഡോ യന്ത്രം പോലെയാണ്. വേഗവും ശക്തിയും കരുത്തും ഉപയോഗിച്ചാണ് റൊണാൾഡോയുടെ കളി. മനക്കരുത്തിലും റൊണാൾഡോ കരുത്തനാണ്. ജയിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. ഇതാണ് റൊണാൾഡോയുടെ ഏറ്റവും നല്ല ഗുണവും. ലോകത്തിലെ മികച്ച അഞ്ച് താരങ്ങളെടുത്താൽ ഇവർ രണ്ടുപേരുമുണ്ടാകും. ഇവർ രണ്ടുപേരും ഒരു കാലഘട്ടത്തിൽ കളിക്കുന്നത് കാണാൻ സാധിച്ചത് ഭാഗ്യമാണ് കക്ക പറഞ്ഞു. ബ്രസീലിന്റെ മികച്ച സ്‌ട്രൈക്കർമാരിലൊരാളായ കക്ക 2016ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്. സാവോ പൗലോ, എസി മിലാൻ എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും കക്ക കളിച്ചിട്ടുണ്ട്.