കൊച്ചി : നിർമ്മാണതൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ നൽകുന്ന 1000 രൂപയുടെ സഹായത്തിന് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടെന്ന് ക്ഷേമനിധി ബോർഡ് അറിയിച്ചു. അംഗത്വമെടുത്ത് 2018 ൽ പുതുക്കുകയും 2020 മാർച്ചിൽ 2 വർഷം പൂർത്തിയാക്കുകയും ചെയ്ത എല്ലാ തൊഴിലാളികൾക്കും സഹായത്തിന് അർഹതയുണ്ട്. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ പണം അടുത്തദിവസം മുതൽ എത്തിത്തുടങ്ങും.
തൊഴിലാളികളുടെ ആശ്രിതർക്കാർക്കെങ്കിലും മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അനുവദിക്കാവുന്ന 2000 രൂപ സാങ്കേതിക തടസങ്ങൾ ഒഴിവാക്കി എത്രയും പെട്ടെന്ന് ബാങ്ക് മുഖേന എത്തിക്കാനും നടപടി സ്വീകരിച്ചതായി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം കെ.പി. തമ്പി കണ്ണാടൻ പറഞ്ഞു.
ഈ ആനുകൂല്യങ്ങൾ തിരിച്ചടക്കേണ്ട. സോഷ്യൽ മീഡിയയിൽ വരുന്ന തെറ്റായ പ്രചരണത്തിൽ തൊഴിലാളികൾ വഞ്ചിതരാകരുതെന്നും ജില്ലാ ക്ഷേമനിധി ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.