മുംബയ്: ലോക്ക് ഡൗൺ ഇപ്പോൾ വെളിപ്പെടുത്തലിന്റെ കൂടി സമയമാണോ ? ആണെന്ന് പറയേണ്ടിവരും. കാരണം, ഓരോ ദിവസവും കായിക താരങ്ങൾ ഒന്നോ രണ്ടോ വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. ഇന്ന് മനസ് തുറന്നിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടൻ സാക്ഷാൽ ഹിറ്റ് മാൻ രോഹിത് ശർമ്മ തന്നെ.
താരത്തിന് ഏറ്റവും പ്രിയപ്പെട്ട കോച്ചിനെക്കുറിച്ചാണ് വാചാലനായിരിക്കുന്നത്. അത് മറ്റാരുമല്ല. മുംബയ് ഇന്ത്യൻസിന്റെ മുൻ കോച്ചും ഓസീസ് നായകനുമായിരുന്ന റിക്കി പോണ്ടിംഗ്. മജീഷ്യനെ പോലെയാണ് റിക്കിയെന്നാണ് താരം പറയുന്നത്. ''ശരിക്കുമൊരു മാജിക്കാണ് അദ്ദേഹം. സീസണിന്റെ പകുതി വരെ ടീമിനെ നയിച്ച ശേഷം പിന്നീട് ക്യാപ്ടൻ സ്ഥാനം പോണ്ടിംഗ് തനിക്കു കൈമാറി.
ഇതിനു വളരെയധികം ചങ്കൂറ്റം വേണം.ക്യാപ്ടൻ സ്ഥാനം തനിക്കു കൈമാറിയെങ്കിലും മുമ്പത്തേതു പോലെ എല്ലാ കാര്യത്തിലും പോണ്ടിംഗ് ഇടപെട്ടിരുന്നു. യുവതാരങ്ങളെ പോണ്ടിംഗ് വളരെയധികം സഹായിച്ചു. ക്യാപ്ടൻസിയിൽ തനിക്കും അദ്ദേഹം ഏറെ സഹായം നൽകിയിട്ടുണ്ട്. നിരവധി കാര്യങ്ങൾ പോണ്ടിംഗിൽ നിന്നും പഠിച്ചെടുക്കാൻ തനിക്കു കഴിഞ്ഞു. എല്ലാം കൊണ്ടും തികച്ചും വ്യത്യസ്തനാണ് പോണ്ടിംഗെന്നും രോഹിത് വിലയിരുത്തി. 2013ലാണ് പോണ്ടിംഗ് സീസണിന്റെ പകുതിയിൽ വച്ച് നായകസ്ഥാനമൊഴിഞ്ഞത്.ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സണുമായി ഇൻസ്റ്റ ഗ്രാമിൽ നടത്തിയ ചാറ്റിംഗിലാണ് ഇക്കാര്യം താരം വെളിപ്പെടു ത്തൽ നടത്തിയത്.