വൈപ്പിന്‍: ഇന്ത്യയിലെത്തന്നെ പ്രധാന പൈനാപ്പിള്‍ കൃഷി മേഖലയാണ് മൂവാറ്റുപുഴ, വാഴക്കുളം, കോതമംഗലം തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ദിവേസന 1200 ടണ്‍ പൈനാപ്പിളാണ് ഇവിടെ നിന്ന് വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 പശ്ചാതലത്തിൽ പൈനാപ്പിള്‍ കര്‍ഷകരേയും തളര്‍ത്തി. ലോഡ് കയറ്റി വിടാനാകാതെ വന്നപ്പോള്‍ വിളവ് മൂപ്പെത്തിയ പൈനാപ്പിള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സ്ഥിതിയായി. നാളുകള്‍ കഴിയുന്തോറും പൈനാപ്പിള്‍ ചീഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയായിരുന്നു.

കര്‍ഷകരുടെ ഈ ദയനീയസ്ഥിതിക്ക് താങ്ങായി തീരദേശമായ പള്ളിപ്പുറം പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയും കൃഷിഭവനും ഒരു വീട്ടില്‍ ഒരു പൈനാപ്പിള്‍ വീതം വാങ്ങി കര്‍ഷകരെ സഹായിക്കാനൊരുങ്ങുന്നു. കൃഷി ഓഫീസര്‍ ശശി മേനോന്‍, കേരഗ്രാമം സെക്രട്ടറി രാജു എന്നിവര്‍ ഇതിനായി മുന്നിട്ടിറങ്ങി.

ഇവിടത്തെ അമ്പതോളം വരുന്ന റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍ തുടങ്ങിയവരെയും കൂട്ടായ്മയില്‍ കൂടെക്കൂട്ടുന്നുണ്ട്. പൈനാപ്പിള്‍ വാങ്ങി പള്ളിപ്പുറം കൃഷിഭവന്‍റെ കീഴില്‍ ചെറായി ദേവസ്വം നടയില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പ് വഴിയാണ് വിപണനം നടത്തുന്നത്. കൃഷിഭവന്‍റെയോ ഇക്കോഷോപ്പിന്‍റെയോ വാട്ട്സ് അപ്പ് ഗ്രൂപ്പുകള്‍ വഴിയോ, ഫോണ്‍ വഴിയോ , ഷോപ്പില്‍ നേരിട്ടോ ഓര്‍ഡര്‍ നൽകാം. ഫോണ്‍: 94495078619