ഭോപ്പാൽ: ഐ.സി.യു തുറക്കാനായില്ല. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രോഗി ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. ഉജ്ജയിനിലാണ് ദാരുണ സംഭവമുണ്ടായത്. 55കാരിയാണ് മരിച്ചത്. ഇവരെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം, ഐ.സി.യുവിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും ഇവിടെ ഉണ്ടായിരന്നില്ല. ഐ.സി.യുവിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ രോഗിയുടെ ആരോഗ്യനില മോശമായി. ഒടുവിൽ പൂട്ടു പൊളിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടമ്മയെ ശ്വാസതടസത്തെയും ഉയർന്ന രക്തസമ്മർദ്ദത്തെയും തുടർന്ന് ഉജ്ജയിൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചു.
കൊവിഡ്19 രോഗ ചികിത്സയ്ക്ക് സജ്ജമാക്കിയ ആശുപത്രിയായിരുന്നു ഇത്. കൊവിഡ് 19 രോഗപരിശോധനയ്ക്കായി ഇവരുടെ സ്രവങ്ങൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യനില തീർത്തും മോശമായതോടെ ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. രോഗിക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നുവെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഉജ്ജയിൻ ആരോഗ്യവകുപ്പ് അധികൃതർ മാദ്ധ്യങ്ങളെ അറിയിച്ചത്.