covid-19
അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്നതിന് തയ്യാറാക്കുന്ന ഭക്ഷ്യകിറ്റുകൾ പരിശോധിക്കുന്ന തഹസിൽദാരും ഉദ്യോഗസ്ഥരും

കോതമംഗലം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലത്ത് ഉപയോഗിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും പല വ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനത്തിലാണ് താലൂക്കിലെ റവന്യൂ ജീവനക്കാർ.രണ്ടായിരത്തോളം തൊഴിലാളികൾക്കുള്ളള ഭക്ഷ്യവസ്തുക്കളാണ് വിതരണത്തിനായി ഇന്നലെ തയ്യാറാക്കിയത് .ലോക്ക് ഡൗൺ കാലയളവായ ഏപ്രിൽ 14 വരെ ഉപയോഗിക്കുന്നതിനാവശ്യമായ അരി, ആട്ട, ഉരുളക്കിഴങ്ങ്, സവാള ,ഭക്ഷ്യ എണ്ണ തുടങ്ങിയവയാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. വില്ലേജ് ജീവനക്കാരും അസിസ്റ്റൻ്റ് ലേബർ ഓഫീസറും സംയുക്തമായി അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് തയ്യാറാക്കിയ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് കിറ്റുകൾ തയ്യാറാക്കുന്നത്. കോവിഡ് 19 ഇൻസിഡൻ്റ് കമാഡേഴ്സ് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ സാബു കെ. ഐസക്കിൻ്റെയും കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസിന്റെയും മേൽനോട്ടത്തിലാണ് ഭക്ഷ്യവസ്ഥുക്കളുടെ സംഭരണവും കിറ്റ് തയ്യാറാക്കലും വിതരണവും നടക്കുന്നത്. മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴിയും ഭക്ഷ്യകിറ്റ് വഴിയും ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുക എന്ന സർക്കാർ തീരുമാനം നടപ്പിലാക്കി വരികയാണെന്ന് ആർ.ഡി.ഒ അറിയിച്ചു.