കൊച്ചി: ആശുപത്രികളിൽ രാപ്പകലില്ലാതെ ഉത്തരവാദിത്വം ഏറെയുള്ള ജോലിയിലാണ് ഡോക്ടർമാർക്കൊപ്പം നഴ്സുമാരും. കൊവിഡ്-19 പിടിപെടാൻ ഏറ്റവും സാദ്ധ്യതയേറിയ ജോലിയായതിനാൽ അൽപ്പം കരുതൽ കൂടുതലെടുക്കുന്നതാണ് നല്ലത്. ഇതിനായി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐ.എം.എ. കൊച്ചി ഘടകം.
1. ജോലിസ്ഥലത്ത് എല്ലാവർക്കും കൊവിഡ് -19 ഉണ്ടെന്ന് സങ്കല്പിച്ച് മുൻകരുതലുകൾ എടുക്കുക.
2. നല്ലൊരു പങ്ക് കൊവിഡ് രോഗികൾക്കും തുടക്കത്തിൽ ലക്ഷണമുണ്ടാവില്ല. അതുകൊണ്ട് ആളെക്കണ്ടാൽ കുഴപ്പമില്ല എന്നു തോന്നിയാലും മുൻകരുതലുകൾ കുറയ്ക്കരുത്.
3. ആരുമായും ഹസ്തദാനം ചെയ്യരുത്. സഹപ്രവർത്തകരായാലും സാമൂഹ്യഅകലം പാലിക്കുക.
4. സ്വന്തം കൈവിരലുകൾ മുഖത്തിനടുത്തേക്കുപോലും എത്താതിരിക്കാൻ ശ്രദ്ധിക്കുക
5. കൈകൾ ഇടക്കിടയ്ക്ക് സോപ്പിട്ട് 20 സെക്കൻഡ് നേരം സ്റ്റെപ്പുകൾ തെറ്റാതെ കഴുകുക. ഗ്ലൗസ് ഇടുന്നതിനു മുമ്പും മാറ്റിയ ശേഷവും കൈ കഴുകണം. വിരൽത്തുമ്പുകൾ പരമാവധി ശുചിയായി സൂക്ഷിക്കുക.
6. ആൾക്കൂട്ടത്തിൽപ്പെടാതെ ശ്രദ്ധിക്കുക.
7. ലിഫ്റ്റ് പരമാവധി ഒഴിവാക്കുക
8. ആശുപത്രിയിൽ പനി, ചുമ മുതലായ രോഗങ്ങൾക്ക് ചികിത്സിക്കുന്ന ഇടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവർ സ്ഥാപനത്തിലെ മറ്റു സ്ഥലങ്ങളിൽ അധികം പോകാതിരിക്കുക.
9. പനി, ചുമ, ജലദോഷം ഇവയുണ്ടെങ്കിൽ ജോലിക്കുപോകാതെ വീട്ടിലിരിക്കുക.
10. പി.പി.ഇ നിഷ്‌കർഷിച്ചിട്ടുള്ള ഇടങ്ങളിൽ അതില്ലാതെ രോഗിയെ പരിചരിക്കരുത്. ഓരോ സാഹചര്യങ്ങളിലുമുള്ള വ്യത്യസ്തമായ മാനദണ്ഡങ്ങൾ കൃത്യമായ നിർദേശപ്രകാരം പാലിക്കുക.
11. രോഗികളുടെ തിരക്കുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് സർജിക്കൽ മാസ്‌ക് നിർബന്ധമായും കൃത്യമായും ധരിച്ചിരിക്കണം.
12. ജോലി കഴിഞ്ഞിറങ്ങുന്നതിനു മുൻപ് മാസ്‌ക്, ഗ്ലൗസ് മുതലായവ അതാതു ബിന്നുകളിൽ നിക്ഷേപിക്കുക.
13. ഡ്യൂട്ടിയിൽ ഇരുന്നപ്പോൾ ഇട്ടിരുന്ന യൂണിഫോം ധരിച്ച് ആശുപത്രിക്കു പുറത്തേക്ക് യാത്ര ചെയ്യാതിരിക്കുക
14. വീട്ടിൽ എത്തിയാലുടൻ ആദ്യം കൈ സോപ്പിട്ടു കഴുകുകയും, കുളിക്കുകയും വേണം. കുളിക്കുമ്പോൾ തലമുടിയിൽ അല്പം ഷാംപൂവോ സോപ്പോ ഇട്ടു കഴുകുക
17. ആശുപത്രിയിൽ വച്ച് ധരിച്ച വസ്ത്രങ്ങൾ വീട്ടിൽ കൊണ്ടുവന്നു സോപ്പുപയോഗിച്ചു കഴുകി ഉണക്കുക
18. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം പിന്നീട് കോവിഡ് ചികിത്സാകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടാൽ വേണ്ടി വന്നേക്കാവുന്ന നടപടിക്രമങ്ങൾ ഇപ്പോൾത്തന്നെ ചർച്ചചെയ്തു തുടങ്ങുക. അപര്യാപ്തതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഇപ്പോൾ കിട്ടുന്ന സാവകാശം പിന്നീട് കിട്ടണമെന്നില്ല.