anwarsadath-mla
നാസിയക്കും സുൽഫിക്കറിനും പന്തളത്തേക്ക് വാഹന സൗകര്യമൊരുക്കിയ വിവരം അറിയിക്കാൻ അൻവർ സാദത്ത് എം.എൽ.എ എത്തിയപ്പോൾ

ആലുവ: ആശുപത്രി വിട്ടിട്ടും ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ ദമ്പതികൾക്ക് അൻവർ സാദത്ത് എം.എൽ.എയുടെ സഹായഹസ്തം. ആദ്യംതാമസിക്കാൻ സൗകര്യമൊരുക്കിയശേഷം പിന്നീട് പൊലീസ് സഹായത്തോടെ പത്തനംതിട്ട പന്തളത്തെ വീട്ടിലെത്തിക്കുകയും ചെയ്തു.

മലപ്പുറം സ്വദേശി സുൽഫിക്കറിനും ഭാര്യയും പന്തളം സ്വദേശിനിയുമായ നാസിയക്കുമാണ് എം.എൽ.എ തുണയായത്. സ്വകാര്യ ആയുർവേദ കമ്പനിയിലെ ജീവനക്കാരിയായ നാസിയക്ക് മൂന്നാഴ്ച മുമ്പാണ് ആലുവയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഗർഭിണിയായ നാസിയക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 22ന് ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. നാട്ടിൽ നിന്നും സുൽഫിക്കറുമെത്തി. ചികിത്സയിലിരിക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇരുവർക്കും നാട്ടിലേക്ക് പോകാനാകാതെ ആശുപത്രിയിൽ കുടുങ്ങി.

ഇതിനിടെ കഴിഞ്ഞ ഒന്നിന് ആശുപത്രിയിൽ നിർദ്ധനർക്ക് ഭക്ഷണവുമായെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ജോണി ക്രിസ്റ്റഫർ വിവരം അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. തുടർന്ന് എം.എൽ.എ ഇടപെട്ട് അശോകപുരത്ത് സാമൂഹ്യപ്രവർത്തകൻ വിജയന്റെ കെട്ടിടത്തിൽ ഇരുവർക്കും താമസ സൗകര്യമൊരുക്കി. കഴിഞ്ഞ ദിവസം പന്തളത്തെ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികുമായി ബന്ധപ്പെട്ട് എം.എൽ.എ അനുമതി ലഭ്യമാക്കി. എം.എൽ.എ ഏർപ്പെടുത്തിയ വാഹനത്തിൽ ഇന്നലെ വൈകിട്ട് ഇരുവരെയും പന്തളത്തെ വീട്ടിലെത്തിക്കുകയായിരുന്നു.

ശ്രേയസ്സ് ആയുർവേദ മാർക്കറ്റിംഗ് കമ്പനിയിലാണ് സുൽഫിക്കറിനും ജോലി. എട്ട് മാസം മുമ്പായിരുന്നു വിവാഹം. ബ്ളോക്ക് പഞ്ചായത്ത് അംഗം സി.പി. നൗഷാദ്, വാർഡ് മെമ്പർ ലിനേഷ് വർഗീസ് എന്നിവർ ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത് നൽകി.