ആലുവ: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് രൂപകൽപ്പന ചെയ്ത 'ഹാപ്പി അറ്റ് ഹോം' എന്ന ആപ്പിന് മികച്ച പ്രതികരണം. നിരവധി പേർ ആപ്പിൽ രജിസ്റ്റർ ചെയ്തു. സമീപ ജില്ലകളിൽ നിന്നും ആപ്ലിക്കേഷനെക്കുറിച്ച് അറിയാൻ ഫോൺ വിളികളുണ്ട്.
ഹോം കെയറിൽ കഴിയുന്നവരുടെ ദൈനംദിന വിവരങ്ങൾ അറിയുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും ആപ്പ് ഉപകരിക്കുന്നു. ദിവസേനയുള്ള ആരോഗ്യാവസ്ഥ വിശകലനം ചെയ്യുന്നതിനും അത്യാവശ്യ ഘട്ടത്തിൽ പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുമായി ബന്ധപ്പെടുന്നതിനും റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും ആപ്ലിക്കേഷൻ പ്രയോജനപ്പെടും.
കൊവിഡ് കോൾ സെന്റർ ഏകോപനം ആശ്വാസം
24 മണിക്കൂറും ജില്ലാ പൊലീസ് ആസ്ഥാനത്തെ കോവിഡ് കോൾ സെന്റർ പ്രവർത്തിക്കുന്നു. കോൾ സെന്ററിൽ ആയിരത്തോളം കോളുകളാണ് ഇതുവരെ കൈകാര്യം ചെയ്തത്. ഭക്ഷണ സാമഗ്രികൾക്കായുള്ള വിളികൾക്ക് അപ്പോൾത്തന്നെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിഹാരം കാണുന്നു. പൊലീസ് സ്റ്റേഷനുകൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ഭക്ഷണ സാമഗ്രികൾ സമാഹരിക്കുന്നുണ്ട്. ഒറ്റപ്പെട്ട് കഴിയുന്നവരുടെ വീടുകളിലേക്ക് നേരിട്ട് ഭക്ഷണമെത്തിക്കുന്നു. കമ്മ്യൂണിറ്റി കിച്ചനിലും സഹായമുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി വിളികൾ എത്തുന്നു. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് ഉടൻ അവർക്ക് കൈമാറും. ഹോം കെയറിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങളും കോൾസെന്റർ ശേഖരിക്കുന്നു. സഹായം ആവശ്യമുണ്ടെങ്കിൽ അതിനുള്ള ഏർപ്പാടും ചെയ്യുന്നു.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ടും വിളികൾ വരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാൻ ഹിന്ദി അറിയാവുന്നവരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കളും വിളിക്കുന്നുണ്ട്.