കൊച്ചി: കുരുത്തോല പ്രദക്ഷിണവും വിശ്വാസികളുടെ ഒത്തുചേരലും ആഘോഷങ്ങളില്ലാതെ കൊവിഡ് 19 കാലത്ത് ഓശാന തിരുനാൾ ആഘോഷം. പള്ളികളിൽ നടന്ന ആരാധനകളിൽ അഞ്ചുപേർ മാത്രമാണ് അകലം പാലിച്ച് പങ്കെടുത്തത്. വിശ്വാസികൾ വീടുകളിൽ പ്രാർത്ഥനാ നിർഭരരായി ശുശ്രൂഷകളിൽ പങ്കെടുത്തു.

എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. കൊവിഡ് ബാധിതർക്കു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. കാക്കനാട്ടെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നിന്ന് കർദ്ദിനാൾ പൊലീസിന്റെ അനുമതിയോടെയാണ് ബസലിക്കയിൽ എത്തിയത്.

സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമ്മികത്വം വഹിച്ചു.

യാക്കോബായ സുറിയാനി സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവ പുത്തൻകുരിശിലെ സഭാ ആസ്ഥാനത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

രാവിലെ ഏഴിന് ജനപങ്കാളിത്തമില്ലാതെ നടന്ന ചടങ്ങുകൾ കേബിൾ ടി.വി വഴിയും യു ട്യൂബ് ചാനൽ വഴിയും തത്സമയം സംപ്രേഷണം ചെയ്തു. വിശ്വാസികൾ വീടുകളിൽ നിന്ന് പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് വിവിധ ക്രൈസ്തവ സഭകൾ നിർദ്ദേശം നൽകിയിരുന്നു.