കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്‌ത ഹോട്ടലുടമ ഉൾപ്പെടെ നാലു പേരെ കളമശേരി പൊലീസ് അറസ്‌റ്റു ചെയ്‌തു. പള്ളിലാംകരയിൽ പ്രവർത്തിച്ചിരുന്ന കടയുടെ ഉടമ സദാനന്ദൻ (54), ഭക്ഷണം കഴിക്കാനെത്തിയ കറുപ്പുസ്വാമി (46), മാരീശ്വരൻ (36), ജയശങ്കർ (44) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തു. പിന്നീട് പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രണ്ടു വർഷം തടവും പതിനായിരം രൂപ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.
ഉൾപ്രദേശത്തുള്ള ഹോട്ടൽ പതിവായി തുറക്കുമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് ദിവസവും ഇവിടെ എത്തിയിരുന്നത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് പരിശോധനയ്ക്കെത്തിയത്. പൊലീസ് വാഹനം കണ്ട് ആഹാരം കഴിച്ചുകൊണ്ടിരുന്ന 20 ലധികം പേർ ഓടി രക്ഷപ്പെട്ടു. കളമശേരി എസ്.ഐ സന്തോഷാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.