കോലഞ്ചേരി: കൊവിഡ് കാലത്തെ വിരസത മറികടക്കാൻ വിവിധ ചലഞ്ചുകളും, ഗെയിമുകളും ഓൺലൈൻ ഓഫ്‌ലൈൻ കളികളുമായി സമൂഹമാദ്ധ്യമ കൂട്ടായ്മകൾ. പഴകിയ വാട്‌സാപ് കളികളിൽ പലരും വീണ്ടും സജീവമായി. ചിലർ പുതിയ കളികൾ കണ്ടുപിടിക്കുന്നു. പദ പ്രശ്‌നങ്ങളും പ്രശ്‌നോത്തരികളും വിട്ട് 'കട്ട ലോക്കൽ' ചലഞ്ചുകളാണ് ഇപ്പോൾ ഹിറ്റ്. അദ്ധ്യാപകർ മാത്രമുള്ള ഒരു ഗ്രൂപ്പിൽ ഇന്നലത്തെ ചലഞ്ച് ' മ ' യിൽ തുടങ്ങുന്ന മലയാള വാക്കുകൾ കണ്ടു പിടിക്കാനാണ്. ഉച്ചയോടെ ആയിരം വാക്കുകൾ പിന്നിട്ടു. കഴിഞ്ഞത് സിനിമാ പേരുകളുടെ അവസാന അക്ഷരത്തിൽ നിന്നും അടുത്ത പേരുണ്ടാക്കുന്ന ചലഞ്ചായിരുന്നു. വാട്‌സാപ് സ്റ്റാറ്റസിന്റെ ദൈർഘ്യം ഇന്റർനെറ്റ് ബാൻഡ് വിഡ്ത് പരിപാലിക്കാനായി 15 സെക്കൻഡ് ആക്കി കുറച്ചിട്ടുണ്ട്. എന്നാൽ, 15 സെക്കൻഡ് ടിക് ടോക് ചിത്രീകരിച്ച് ഈ പരിമിതിയെ മറികടക്കാനുള്ള ചലഞ്ചുമുണ്ട്. ഓൺലൈൻ പരിപാടികളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം വീട്ടിൽ കളിക്കാവുന്ന ചെറിയ കളികളിൽ മുഴുകിയവരാണ് മറ്റൊരു വിഭാഗം. കൊവിഡ് കാലം കഴിഞ്ഞാൽ ആദ്യം കാണാനാഗ്രഹിക്കുന്നത് എന്താണ്, ആദ്യം യാത്ര പോകുന്നത് എവിടേക്കാണ്. ആദ്യം കാണുക ആരെയാണ് അങ്ങിനെ പോകുന്നു.... പോസ്റ്റ് കൊവിഡ് ചലഞ്ച് എന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്. 'ചങ്കുകളെ' പിരിഞ്ഞു വീട്ടിലിരിക്കുന്നവർ മുതൽ ഗൾഫിൽ കുടുങ്ങിയവർ വരെ ആദ്യം കാണാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവരുടെ വിവരം ചിത്രം സഹിതം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്. പ്രാദേശിക തലത്തിൽ മിടുക്കൻമാർ രൂപം നൽകുന്ന ചാലഞ്ചുകളും വാട്‌സാപ് ക്വിസുകളും ഏറെയുണ്ട്. പലതും സൂചനകളിൽ നിന്നു സ്ഥലനാമങ്ങൾ കണ്ടുപിടിക്കാനുള്ളതാണ്. ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത് സ്ഥല നാമങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുന്നതാണ് ഒരു ചാലഞ്ച്. ഉദാഹരണത്തിന് മിൽക്ക് ഫോറസ്റ്റ്, ടെൻ ഫീറ്റ് ബ്രിഡ്ജ്, ഗീ റിവർ വില്ലേജ് ചോദ്യങ്ങൾക്ക് പാലക്കാട്, പത്തടിപാലം , നെയ്യാറ്റിൻകര എന്ന് ഉത്തരവും. ഇമോജികൾ കൊണ്ടു സ്ഥലവും,സിനിമയും, പാട്ടുകളും മുതൽ നാട്ടിൻപുറത്തെ ബസ് സ്റ്റോപ്പുകളുടെ പേരുകൾ വരെ എഴുതുകയും അതു കണ്ടുപിടിക്കാൻ കൂട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണു വലിയ പ്രചാരമുള്ള ഒരു കളി. സ്ത്രീകളിപ്പോൾ സാരി ചലഞ്ചിലാണ്. സാരിയുടുത്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യലാണ് വൈറലായ സാരി ചലഞ്ച്. ന്യൂജൻ ടീമുകൾ 'ട്രഡീഷണൽ സാരി ചാലഞ്ചാണ്' നടത്തുന്നത്. ലൈക്കും കമന്റും വന്നുനിറയുമ്പോൾ മനസിൽ സന്തോഷം. അദ്ധ്യാപികമാരും സർക്കാർ ജീവനക്കാരുമാണ് ഇവയ്ക്ക് പിന്നിൽ.