arjunan-master-

കൊച്ചി : ദിവ്യ സംഗീതം മനസിലേക്ക് പെയ്തിറക്കിയ മഹാ പ്രതിഭ. ഒരു കാലഘട്ടത്തിന്റെ ഈണമായിരുന്നു അർജുനൻ മാസ്റ്റർ. 1936 മാർച്ച് ഒന്നിന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി ജനനം. അർജുനന് ആറുമാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. കടുത്ത ദാരിദ്രമായിരുന്നു പിന്നീട്. അമ്മയെ സഹായിക്കാൻ രണ്ടാം ക്ലാസിൽ അർജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്ന് വില്പനയായിരുന്നു. കൂടാതെ ചുമട് എടുത്തും, കൂലിപ്പണി ചെയ്തും ജീവിച്ചു.

വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അർജുനനേയും ജ്യേഷ്ഠൻ പ്രഭാകരനേയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തിൽ അയച്ചു. അവിടെ വെച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അർജുനന്റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. നാരായണസ്വാമി എർപ്പെടുത്തിയ സംഗീതാദ്ധ്യാപകന്റെ കീഴിൽ ഏഴ് വർഷം സംഗീതം അഭ്യസിച്ചു. ആശ്രമത്തിൽ അന്തേവാസികൾ കൂടുതലായതോടെ ഇരുവരും ഫോർട്ടുകൊച്ചിയിലേക്കു മടങ്ങി.
ശേഷം സംഗീത കച്ചേരികൾ നടത്തിയും കൂലിവേല ചെയ്തും മുന്നോട്ടു നീങ്ങി. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർമോണിയവും അഭ്യസിച്ചു.പകരക്കാരനായാണ് അർജുൻ ആദ്യമായി നടകത്തിന് സംഗീതം പകരുന്നത്. 'പള്ളിക്കുറ്റം' എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം.കെ അർജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടു. പിന്നീട് ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് ഹാർമോണിയം വായിച്ചു.
1968ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്തേക്ക് കടന്നുവന്നു.അക്കാലയളവിൽ അർജുനൻ ശ്രീകുമാരൻ തമ്പിയെ പരിചയപ്പെട്ടു. പിൽക്കാലത്ത് എം.കെ അർജുനനുമായി ചേർന്ന് നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം.കെ അർജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു.
വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.എല്ലാ ഗായകർക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ അധികവും ആലപിച്ചത്. ഭാമിനീ ഭാമിനീ...(ആദ്യത്തെ കഥ), തളിർവലയോ താമരവലയോ (ചീനവല), മല്ലീസായകാ...നിന്മനസ്സൊരു...(സൂര്യവംശം) , ദ്വാരകേ...ദ്വാരകേ...(ഹലോ ഡാർലിംഗ്), ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം...(ആദ്യത്തെ കഥ), എന്നിവ അർജുനൻ മാഷിന്റെ ഹിറ്റ് ഗാനങ്ങളാണ്.

1964ൽ ഭാരതിയെ വിവാഹം ചെയ്തു. കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 200 ഓളം സിനിമകൾക്കായി അറുന്നൂറോളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്‌