കൊച്ചി: അന്തരിച്ച സംഗീത കുലപതി എം.കെ അർജുനൻ മാസ്റ്ററുടെ സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടക്കും. ലോക്ക് ഡൗൺ നിർദ്ദേശം പാലിക്കേണ്ടതിനാൽ പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ എം.എൽ.എമാരായ കെ.ജെ മാക്സി, എം.സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർ രാവിലെ എത്തി അന്ത്യോപചാരം അർപ്പിച്ചു. അതുല്യ പത്രിഭയെ ഒരു നോക്ക് കാണാൻ പള്ളുരുത്തിയിലെ വസതിയിലേക്ക് നിരവധിപ്പേർ എത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് ആളുകളെ വീട്ടിലേക്ക് കടത്തി വിടുന്നത്. അധിക നേരം ആരെയും വീടിന് സമീപം നില്കാൻ പൊലീസ് അനുദിക്കുന്നില്ല. പള്ളുരുത്തി സി.ഐയും എസ്.ഐയും സ്ഥലത്ത് നേരിട്ടെത്തിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. രാവിലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി വീടും പരിസരവും അണുവിമുക്തമാക്കിയിരുന്നു.
കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.1968ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തതും എം.കെ.അര്‍ജുനനാണ്. എ.ആര്‍.റഹ്മാന്‍റെ സിനിമാപ്രവേശവും ഇദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലായിരുന്നു.