മുംബയ്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ബി.ജെ.പി എം.എൽ.എയുടെ പിറന്നാൾ ആഘോഷം. മഹാരാഷ്ട്രയിലെ വാർധ എം.എൽ.എ ദാദാറാവു കേച്ചെയാണ് വിവാദത്തിൽ കുടുങ്ങിയത്. ഇന്നലെയായിരുന്നു ദാദാറാവുവിന്റെ പിറന്നാൾ. ജന്മദിനത്തോട് അനുബന്ധിച്ച് എം.എൽ.എ നൂറോളം പേർക്ക് വസതിയിൽ ധാന്യങ്ങൾ വിതരണം ചെയ്തതു. ഇതാണ് പുലിവാലായത്.
ഭക്ഷ്യധാന്യ വിതരണം സൗജന്യമായിരുന്നതിനാൽ നൂറോളം പേർ എം.എൽ.എയുടെ വീടിന് മുന്നിൽ കൂടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി എം.എൽ.എ അനുമതി തേടിയിരുന്നില്ലെന്നും ദാദാറാവു നിയമനടപടി നേരിടേണ്ടി വരുമെന്നും സബ് ഡിവിഷണൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എം.എൽ.എ സംഭവത്തോട് പ്രതികരിച്ചത്.