death-covid

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെ തബ്‌‌ ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 60 കാരൻ കൂടി മരിച്ചതോടെ കൊവിഡ് -19 ബാധിച്ചുണ്ടായ മരണം അഞ്ചായി. അവസാനമായി കൊവി‌ഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 571 ആണ്. ഇന്നലെ ഒരു ദിവസം കൊണ്ട് 76 കേസുകൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു.

മരിച്ച 60 വയസുകാരനെ പനി, ചുമ, നെഞ്ചെരിച്ചിൽ എന്നിവയുമായി ബുധനാഴ്ച സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച 1.45 നാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ദുബായിലേക്കുള്ള യാത്രാ ചരിത്രമുള്ള 71 കാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഒരു മന്ത്രിയേയും രാമനാഥപുരം എം.എൽ.എ എം.മണികന്ദനെയും മറ്റ് 49 പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ഏപ്രിൽ രണ്ടിനാണ് ഇയാൾ ആശുപത്രിയിൽ മരിച്ചത്. എന്നാൽ പരിശോധന ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. ഇയാളുടെ മൃതദേഹം വെള്ളിയാഴ്ച രാമനാഥപുരം ജില്ലയിലെ കീശകാരായിലേക്ക് കൊണ്ടുപോയി. മൃതദേഹവുമായി യാത്ര ചെയ്ത കുടുംബാംഗങ്ങളെയും അവസാന ചടങ്ങുകളിൽ പങ്കെടുത്ത എല്ലാവരെയും ആരോഗ്യ വിഭാഗം കണ്ടെത്തി നിരീക്ഷണത്തിലാക്കി.

കഠിനമായ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് എല്ലാ മരണങ്ങൾക്കും കൊവിഡ് -19 ആയി കണക്കാക്കുന്നതിനുള്ള പുതുക്കിയ പ്രോട്ടോകോൾ പൊതുജനാരോഗ്യ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചു. കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അനുമാനമെന്ന് അധികൃതർ പറഞ്ഞു.