covid

വിജയവാഡ: കൊവിഡ് 19 കേസുകൾ പ്രതിദിനം വർദ്ധിക്കുന്നതോടെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമാക്കി ആന്ധ്രാ സർക്കാർ. ഇന്നലെ കർണൂൽ ജില്ലയിൽ കൂടി കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഓരോ ദിവസവും 49 കേസുകൾ വീതം ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പുതിയതായി പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്തവർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കർണൂൽ ജില്ലയിൽ 53 കൊവി‌‌ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് 60 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 252 ആയി.

പ്രകാശം ജില്ലയിൽ ഞായറാഴ്ച രണ്ട് കേസുകളും ചിറ്റൂർ ജില്ലയിൽ 7 ഉം നെല്ലൂർ ജില്ലയിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 252 കേസുകളിൽ 229 കേസുകളും ഡൽഹിയിൽ നിന്ന് എത്തിയവരാണ്. അതേസമയം, കൊറോണ കേസുകൾ ഉയർന്നുവരുന്ന പ്രദേശങ്ങളിൽ സംസ്ഥാന മെഡിക്കൽ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കൊവിഡ് ബാധിത പ്രദേശങ്ങളെ ചുവന്ന മേഖലകളായി പ്രഖ്യാപിക്കുകയും ശുചിത്വം, ബ്ലീച്ചിംഗ് തുടങ്ങിയവ നടത്തി വരികയുമാണ്.

അതേസമയം, രോഗം ഭേദമായ യുവാവിനെ ഇന്നലെ വിജയവാഡ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യുഎസ്എയിലെ വാഷിംഗ്ടണിലായിരുന്ന ഇയാൾ കഴിഞ്ഞ മാർച്ച് 22 നാണ് തിരിച്ചെത്തിയത്. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ചികിത്സയ്ക്കായി അടുത്ത ദിവസം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ദിവസമായി അദ്ദേഹം ഐസൊലേഷൻ വാർഡിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഡിസ്ചാർജ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി.