കൊച്ചി : ചെറുകിട ഇടത്തരം വ്യാപാരമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിലെ വേതനത്തിൽ യാതൊരു കുറവും വരുത്തരുതെന്ന സർക്കാർ ഉത്തരവിൽ ഇളവ് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വ്യാപാരികൾ കടകൾ തുറക്കാനാവാതെ സാമ്പത്തിക തകർച്ചയിലാണ്. രണ്ട് പ്രളയത്തിന്റെ കെടുതികളിൽ നിന്നും കരകയറാനാവാത്ത സ്ഥിതി നിലനിൽക്കെയാണ് കൊവിഡ്-19 ബാധ. ജീവനക്കാർക്ക് സർക്കാർ നൽകുന്നതിന്റെ പതിൻമടങ്ങാണ് വ്യാപാരികൾ ശമ്പളം, കൂലി, വാടക തുടങ്ങിയ ഇനത്തിൽ ചെലവഴിക്കുന്നത്. ഒരു മാസത്തെവേതനത്തിന് പകരം അരമാസമായി ഇളവ് ചെയ്ത് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് പി. സി.ജേക്കബ് നിവേദനത്തിൽ ആവശ്യപ്പെട്ടു.