കൊച്ചി: ഹലോ പൊലീസ് സ്റ്റേഷനല്ലേ ... സാറെ.. ഒരാൾ സ്ഥിരമായി കറങ്ങി നടക്കുകയാണ്... ലോക്ക് ഡൗൺ നിർദ്ദേശങ്ങളൊന്നും പാലിക്കുന്നില്ല. ബൈക്ക് നമ്പറടക്കം നൽകിയുള്ള സ്ത്രീയുടെ പരാതി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഫോണിലേക്കെത്തി. ഒന്ന് ലോക്ക് ഡൗൺ ലംഘനം. രണ്ട് സ്ത്രീ നൽകിയ പരാതി. പിന്നെ പറയണോ ! പൊലീസ് അന്വേഷണം ഊർജിതമാക്കി. മണിക്കൂറുകൾക്കകം ആളെ കണ്ടെത്തുകയും ചെയ്തു.
എന്നാൽ, പരാതിക്കാരിയും പുറത്ത് കറങ്ങി നടന്ന ആളും തമ്മിലുള്ള ബന്ധം കൂടി ലഭിച്ചതോടെ അന്തം വിട്ടു നിൽക്കാനെ പൊലീസിന് കഴിഞ്ഞുള്ളൂ. പതിവായി പുറത്ത് ഇറങ്ങുന്ന ഭർത്താവിനെ കുടുക്കാൻ ഭാര്യ ഒപ്പിച്ച പണി.
ലോക്ക് ഡൗൺ ലംഘനമൊന്നും ആയിരുന്നില്ല മൂവാറ്റുപുഴ പെരുമറ്റം സ്വദേശിനിയായ വീട്ടമ്മയെ പരാതിക്ക് നൽകാൻ പ്രേരിപ്പിച്ചത്.
മാതാപിതാക്കളെ കാണാൻ ഭർത്താവ് പതിവായി സ്വന്തം വീട്ടിലേക്ക് പോകുന്നതിൽ താൽപര്യമില്ലായ്മ ആയിരുന്നു കാരണം. തനിക്കൊപ്പം വീട്ടിലിരിക്കാതെ എന്നും, മാതാപിതാക്കളെ കാണാൻ പോകുന്നത് ഇവർക്ക് ഇഷ്ടമുണ്ടായിരുന്നില്ലത്രേ. സംഭവത്തിൽ ഇന്ന് ഭർത്താവിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.