# സംഗീത പ്രഭാമയനായ കലാകാരൻ
എന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങാനിരിക്കുന്ന വെള്ളാരംകുന്നിലെ വെള്ളിമീനുകൾക്ക് സംഗീതം നൽകാൻ അർജുനൻ മാസ്റ്റർ എന്ന സംഗീത പ്രഭാമയനായ കലാകാരനെ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള അവസാന നിമിഷങ്ങൾ മനസിൽ നിന്നും ഒരിക്കലും മായുന്നതല്ല. ചിത്രീകരണവേളയിലും മറ്റും എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു മാസ്റ്ററുടെ ഫോൺ വിളികൾ. ഒരു സഹോദരന്റെ സ്‌നേഹവാത്സല്യങ്ങൾ എനിക്ക് പകർന്ന് തന്ന മാസ്റ്ററുടെ വിയോഗം താങ്ങാനാവാത്ത ആഘാതമാണ്.
കുമാർ നന്ദ
സംവിധായകൻ
# നിത്യഹരിത ഗാനങ്ങളുടെ ശില്പി
നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ കലാകേരളത്തിന്റെ അഭിമാനമാണ്. മലയാള സിനിമാശാഖയെ സമ്പന്നമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം ചിട്ടപ്പെടുത്തിയ നിത്യഹരിതഗാനങ്ങൾ അതിന് തെളിവാണ്.
കെ. ബാബു
മുൻ മന്ത്രി
# മറക്കാനാകാത്ത പാട്ടുകൾ സമ്മാനിച്ച പ്രതിഭ
കസ്തൂരിമണത്തും വെള്ളിമണി കിലുക്കിയും മലയാളിയെ പുളകം കൊള്ളിച്ച എം.കെ. അർജുനൻ മാസ്റ്റർ മലയാളിക്ക് മറക്കാൻ കഴിയാത്ത ഒട്ടേറെ പാട്ടുകൾ സമ്മാനിച്ച അതുല്യ സംഗീതപ്രതിഭയാണ്.
ദക്ഷിണാമൂർത്തി, രാഘവൻ, ബാബുരാജ്, ദേവരാജൻ എന്നീ മഹാമതികൾ നിറഞ്ഞു പാടിനിന്ന കാലത്താണ് അദ്ദേഹം അരങ്ങിലെത്തിയത്. അവരെക്കാൾ ഒട്ടും ചെറുതല്ല താനെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയാണ് ചെറിയ മനുഷ്യൻ അരങ്ങ് ഒഴിഞ്ഞത്. മരിക്കാത്ത പാട്ടുകളും മറക്കാൻ കഴിയാത്ത വാത്സല്യവും അദ്ദേഹം എനിക്ക് നൽകിയിട്ടുണ്ട്. അർജുനവീര്യത്തിന് മുമ്പിൽ സാദരപ്രണാമം അർപ്പിക്കുന്നു.
ഡോ. കെ.എസ്. രാധാകൃഷ്ണൻ
പി.എസ്.സി മുൻ ചെയർമാൻ