കൊച്ചി: ഗാനരചയിതാവ് രാജീവ് ആലുങ്കൽ കാൽനൂറ്റാണ്ടോളം മനസിൽ കൊണ്ടുനടന്ന മോഹം സഫലമാക്കിയാണ് എം.കെ. അർജുനൻ മാസ്റ്റർ വിടവാങ്ങിയത്. രാജീവ് രചിച്ച ഗാനത്തിനാണ് സിനിമയിൽ അവസാനം അദ്ദേഹം സംഗീതം നൽകിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇരുവരും ഒത്തുചേർന്ന സിനിമ പുറത്തിറങ്ങും മുമ്പേ മാസ്റ്റർ മടങ്ങിയതിന്റെ വേദനയിലാണ് രാജീവ്.
കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' എന്ന സിനിമയ്ക്കാണ് അർജുനൻ മാസ്റ്റർ ഒടുവിൽ സംഗീതംനൽകിയത്. മുത്താരക്കൊമ്പത്തെ തത്തമ്മപ്പെണ്ണാളേ..., പരിശുദ്ധയായ അമ്മേ കന്യാമറിയമേ... എന്നീ ഗാനങ്ങൾക്ക് ഹാർമോണിയം ഉപയോഗിച്ചാണ് മാസ്റ്റർ സംഗീതം നൽകിയത്.
ഗാനങ്ങൾക്ക് ഞാൻ തന്നെ ഈണം നൽകണമെന്നാണ് സംവിധായകൻ കുമാർ നന്ദ ആവശ്യപ്പെട്ടത്. അതിന് ഇനിയും സമയമുണ്ടല്ലോ, അർജുൻ മാസ്റ്റർ സംഗീതം നൽകണമെന്നാണ് ആഗ്രഹമെന്ന് അറിയിച്ചത് അദ്ദേഹം അംഗീകരിക്കുകയായിരുന്നു. രാജീവ് അനുസ്‌മരിച്ചു.
മാസ്റ്ററും ഞാനും തമ്മിൽ 25 വർഷത്തെ ബന്ധമുണ്ട്. എന്റെ മൂന്നാമത്തെ നാടകത്തിന് സംഗീതം നൽകിയത് മാസ്റ്ററാണ്. 1995 ൽ. ആറ്റിങ്ങൽ ദേശാഭിമാനിയുടെ മയിൽപ്പീലി എന്ന നാടകത്തിന് വേണ്ടി. അന്നുമുതൽ മാസ്റ്ററുമായി ആത്മബന്ധമുണ്ട്. മുപ്പതോളം സിനിമകൾക്ക് പാട്ട് എഴുതിയെങ്കിലും മാസ്റ്ററുടെ സംഗീതം നേടാൻ കഴിഞ്ഞില്ല. മാസ്റ്ററോടും പലതവണ പറഞ്ഞിട്ടുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട് എന്നായിരുന്നു മറുപടി. ഇക്കാര്യം കുമാർ നന്ദയോട് പറഞ്ഞു. മാസ്റ്ററെക്കൊണ്ട് ഗാനങ്ങൾക്ക് സംഗീതം നൽകിപ്പിക്കണമെന്ന് പറഞ്ഞു.
ഗാനമെഴുതി പള്ളുരുത്തിയിലെ വീട്ടിൽ ഞാനും കുമാർ നന്ദയുമെത്തി. നാലു ദിവസം കഴിഞ്ഞു വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം വിളിക്കാതിരുന്നപ്പോൾ ഞാൻ വിളിച്ചു. മൂന്നു ദിവസം കഴിഞ്ഞു വിളിക്കാമെന്ന് മറുപടി ലഭിച്ചു. കൃത്യം മൂന്നാം ദിവസം അദ്ദേഹം വിളിച്ചു. ട്യൂൺ ശരിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാനും കുമാർ നന്ദയും പള്ളുരുത്തിയിലെ വീട്ടിലെത്തി.
"സംഗീതം നൽകി കലാഭവൻ സാബുവിനെക്കൊണ്ട് അദ്ദേഹം പാടിച്ചുവച്ചിരുന്നു. ഓരോ പാട്ടിനും രണ്ടു വീതം ട്യൂണുകൾ നൽകിയിട്ടുണ്ട്, ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു ട്യൂണിടാം എന്നാണ് അദ്ദേഹം അറിയിച്ചത്. റെക്കാഡിംഗിന് സ്റ്റുഡിയോയിൽ വരാൻ കഴിയില്ല. കാവാലം ശ്രീകുമാറിനെക്കൊണ്ട് പാടിക്കാനും നിർദ്ദേശിച്ചു. മാസ്റ്ററുടെ നേരിട്ടുള്ള നിർദ്ദേശം കിട്ടാതെ എങ്ങനെ പാടുമെന്ന് ശ്രീകുമാറിന് ശങ്കയുണ്ടായിരുന്നു. ശ്രീകുമാർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. നീ പാടി കൂടുതൽ നന്നാക്കിക്കോ എന്നായിരുന്നു മറുപടി.
സിനിമ ചിത്രീകരണം പൂർത്തിയാക്കി അവധിക്കാലത്ത് റിലീസിംഗിന് നിശ്ചയിച്ചതാണ്. ലോക്ക് ഡൗൺ മൂലം റിലീസിംഗ് നീട്ടി. സിനിമയ്ക്ക് മുമ്പ് മാസ്റ്റർ പോയി. ലോക്ക് ഡൗൺ മൂലം അദ്ദേഹത്തെ അവസാനമായി ഒന്നുകാണാൻപോലും കഴിയാത്തതിലാണ് സങ്കടവും വേദനയും." രാജീവ് പറഞ്ഞു.