വൈപ്പിൻ: കേരളത്തിൽ നിന്ന് ജീവനോടെ ആകാശയാത്ര നടത്തി വിദേശികളുടെ തീൻമേശയിലെത്തുന്ന ഞണ്ടുകൾക്കിനി വിശ്രമം. എറണാകുളം ജില്ലയിലെ വൈപ്പിൻ, പറവൂർ, വരാപ്പുഴ, ചെല്ലാനം, മുളവുകാട്, കടമക്കുടി പ്രദേശങ്ങളിലെ കായലുകളിൽ നിന്ന് പിടിക്കുന്ന രുചിയേറിയ ഞണ്ട് വിദേശങ്ങളിൽ പ്രിയമാവുകയും വില റോക്കറ്റ് വേഗത്തിൽ ഉയരുകയും ചെയ്തപ്പോൾ ചെമ്മീൻ കെട്ടുകളിലും വലിയ കുളങ്ങളിലും മറ്റും ഞണ്ട് വളർത്തൽ വ്യാപകമായിരുന്നു. എന്നാൽ കോവിഡ് 19 ദുരന്തത്തോടെ ഞണ്ട് കയറ്റുമതി നിലച്ചു. വിളവെടുക്കുന്നവയും കായലിൽ നിന്ന് പിടിക്കുന്നവയുമൊക്കെ നാട്ടുകാർക്ക് തന്നെ വിറ്റ് തീർക്കേണ്ട സ്ഥിതിയിലായി. 2400 രൂപയ്ക്ക് വരെ വിറ്റിരുന്നവയ്ക്ക് 300 മുതൽ 700 വരെ രൂപയാണ് ഇപ്പോൾ വില. ഇതോടെ നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ തീൻമേശകളിൽ ഞണ്ട്സ്ഥാനം പിടിച്ചു. വിദേശികൾ രുചിച്ചിരുന്നത് ഇനി നമുക്കുമാകാം എന്നായി നാട്ടുകാർ.
#വിലയിൽ കേമൻ
ജീവനോടെ വിദേശത്തേക്കയക്കുന്ന ഞണ്ടുകൾ വികൃതി കാട്ടാതിരിക്കാൻ കാലുകൾ മടക്കി വെച്ച് കെട്ടാറാണ് പതിവ്. ഇവിടെ നിന്ന് ചെന്നൈയിലേക്കും അവിടെ നിന്ന് വിമാനം വഴി ചൈന, തായ്‌വാൻ, ഹോങ്കോങ്ങ്, മലേഷ്യ, സിംഗപ്പൂർ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കും അയക്കും. തൂക്കമനുസരിച്ചാണ് ഞണ്ടുകളെ തരം തിരിക്കുന്നത്. കെട്ടുകളിൽ നിന്ന് പിടിക്കുന്നവയും കായലുകളിൽ നിന്ന് വീശിയെടുക്കുന്നവയും ഉൾപ്പെടെ ഞണ്ടുകൾക്ക് പല വിലയാണ്.
* ഒരു കിലോക്ക് മുകളിലുള്ള ഡബിൾ എക്‌സലിന് കിലോക്ക് 2400 രൂപ,
*750 ഗ്രാമിന്റെ എക്‌സലിന് 1500 രൂപ ,
* അരകിലോയുടെ ബിഗിന് 1400 രൂപ,
* മീഡിയത്തിന് 350 രൂപ മുതൽ 900 രൂപ വരെ
* ചുവന്നയിനത്തിന് 1200 രൂപ
* കറിഞണ്ട് എന്നറിയപ്പെടുന്ന തീരെ ചെറിയ ഇനത്തിന് 300 മുതൽ 500 രൂപ