കോലഞ്ചേരി: ലോക്ക് ഡൗണായാലും ഏത്തക്കായ വിലയുടെ ബ്രേക്ക് പോയി. ഏത്തക്കായ വില ഒരാഴ്ച കൊണ്ട് 20 രൂപ കൂടി 45 ലെത്തി. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കായയ്ക്ക് നല്ല വില കിട്ടേണ്ട വിഷുക്കാലം ലോക്ക് ഡൗൺ കൊണ്ടു പോയതോടെ വില ഇടിഞ്ഞ് 20 - 25ലെത്തിയിരുന്നു. വേനൽ കനത്തതോടെ നാട്ടിലെ വാഴകൾ ചീച്ചിൽ ബാധിച്ച് ഒടിഞ്ഞു തുടങ്ങിയതോടെ നാടൻ കായ വരവ് കുറഞ്ഞു.തൃശിനാപ്പിള്ളിയിൽ നിന്നുമുള്ള കായ വരവ് നിലച്ചു. കർണ്ണാടക അതിർത്തിയിലും ചരക്കു വാഹനങ്ങൾ കടക്കുന്നതിന് തടസങ്ങളുണ്ട് ഇതും വില ഉയരാൻ കാരണമാണ്. ഏത്തപ്പഴവിലയും ഇതോടൊപ്പം ഉയർന്ന് 50 ലേക്കെത്തുകയാണ്. എന്നാൽ നാട്ടിലുണ്ടാകുന്ന ഞാലിപ്പൂവൻ, പാളയം കോടൻ പഴങ്ങൾക്ക് വില ഉയർന്നിട്ടില്ല. 30 - 40 നിരക്കിലാണ് വില്പന. കായ വില ഉയർന്നത് നാട്ടിലെ കർഷകർക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും വാഴ കൃഷി ചൂടേറ്റു തകരുന്നത് അടുത്ത സീസണേയും ബാധിക്കുമെന്ന ആശങ്കയിലാണവർ.