കൊച്ചി: "പാട്ടിന്റെ നാലു വരികൾ എഴുതിക്കഴിഞ്ഞാൽ സ്വയം പാടിനോക്കണം. അതു കേൾക്കുമ്പോൾ ഒരു ചിത്രത്തിലെന്ന പോലെ ഗാനപശ്ചാത്തലം മനസിൽ തെളിഞ്ഞുവരുന്നുണ്ടോയെന്ന് പരിശോധിക്കണം. കഴിയുന്നതും ലളിതമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം" അർജുനൻ മാസ്റ്ററുടെ ഈ ഉപദേശം കേട്ടതോടെ ഗാനരചയിതാവും ശ്രീക്ക് മ്യൂസിക്ക് ചാനലിന്റെ മേധാവിയും തിരുവനന്തപുരം പബ്ളിക് റിലേഷൻസ് വിഭാഗം അസി. എഡിറ്ററുമായ ശ്രീകാന്ത്.എം. ഗിരിനാഥ് തന്റെ മൂന്നു ഗാനങ്ങളിലും വീണ്ടും ചില തിരുത്തിക്കുറിക്കലുകൾ നടത്തി. ആ മാറ്റം മാസ്റ്റർക്ക് ഇഷ്‌ടമായി. ശിഷ്യൻ കലാഭവൻ സാബുവിന്റെ സഹായത്തോടെ സംഗീതസംവിധാനം നിർവഹിച്ചു. മാസ്റ്ററുടെ അവസാന കൈയ്യൊപ്പ് ഏറ്റുവാങ്ങാനുള്ള നിയോഗമാണ് തന്റെ ഗാനങ്ങൾക്ക് ലഭിക്കുന്നതെന്ന് ശ്രീകാന്ത് അപ്പോൾ അറിഞ്ഞില്ല.
നാൽപ്പതോളം ഭക്തിഗാനങ്ങളുടെ രചയിതാവായ ശ്രീകാന്ത്.എം. ഗിരിനാഥ് കഴിഞ്ഞവർഷം ആദ്യമായി മൂന്നു പ്രണയഗാനങ്ങൾ എഴുതി. ഗാനരചന പൂർത്തിയായപ്പോൾ തന്നെ ഇതു തന്റെ ഇഷ്‌ട സംഗീത സംവിധായകനായ അർജുനൻ മാസ്റ്ററെക്കൊണ്ട് സംഗീതം ചെയ്യിപ്പിക്കണമെന്ന് തീരുമാനമെടുത്തു. നവംബർ ഒടുവിൽ പള്ളുരുത്തിയിലെ വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഏതു സന്ദർഭത്തിലാണ് ഗാനത്തിന്റെ വരികൾ മനസിലേക്ക് കടന്നുവന്നതെന്നായിരുന്നു ആദ്യ ചോദ്യം. മൂന്ന് കൂടിക്കാഴ്ചകൾക്ക് ഒടുവിൽ ഗാനങ്ങളുടെ ട്രാക്ക് റെഡിയായി. യേശുദാസ്. പി. ജയചന്ദ്രൻ, കലാഭവൻ സാബു എന്നിവരെക്കൊണ്ട് പാടിപ്പിക്കണമെന്നായിരുന്നു ശ്രീകാന്തിന്റെ ആഗ്രഹം. മാസ്റ്ററുടെ പിറന്നാൾ ദിനമായ മാർച്ച് ഒന്നിന് റെക്കാഡിംഗ് നടത്താൻ നിശ്ചയിച്ചുവെങ്കിലും ചില തടസങ്ങൾ വന്നുപെട്ടു. ഗാനങ്ങൾ ആലപിക്കാൻ യേശുദാസ് സമ്മതം മൂളി . എപ്പോഴേ താൻ തയ്യാറെന്നായിരുന്നു അദ്ദേഹത്തിന്റെ ഇഷ്‌ടഗായകനായ ജയചന്ദ്രന്റെ പ്രതികരണം. ഗാനാലാപനത്തിനായി സാബുവും തയ്യാറെടുത്തു. കൊവിഡ് -19 എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. മാസ്റ്റർക്ക് വിധിയുടെ വിളിയെത്തി. അവസാനമായി ഒന്നുകാണാൻപോലും കഴിഞ്ഞില്ലെന്ന നിരാശയോടെ ശ്രീകാന്ത് പറഞ്ഞുനിർത്തി.