പള്ളുരുത്തി (കൊച്ചി): വെള്ളമുണ്ടുടുത്ത് വെള്ള ഷർട്ടുമിട്ട് സാധാരണക്കാരനായി നാട്ടുകാരോട് കുശലം പറഞ്ഞ് നീങ്ങുന്ന അർജുനൻ മാസ്റ്റർ പള്ളുരുത്തിക്കാരുടെ അഭിമാനമായിരുന്നു. ചെന്നൈ പോലുള്ള നഗരങ്ങളിൽ സ്ഥിരവാസം സാധ്യമായിരുന്നെങ്കിലും പള്ളുരുത്തി വിട്ട് എങ്ങോട്ടും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സംഗീതവുമായി ബന്ധപ്പെട്ട് എത്ര ദൂരെ പോകേണ്ടിവന്നാലും ജോലി തീർന്നാലുടൻ മാസ്റ്റർ നാട്ടിൽ തിരിച്ചെത്തും. നാടുമായി അത്രയ്ക്കും ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. നാട്ടിലെ ഏതു പരിപാടി അറിയിച്ചാലും അവശതകൾ മറന്ന് എത്തും. അതിന് വലിപ്പച്ചെറുപ്പമില്ല. സായാഹ്ന കൂട്ടായ്‌മയിൽ ഗായകൻ പ്രദീപ് പള്ളുരുത്തി, കലാഭവൻ സാബു, കൊച്ചിൻ വർഗീസ് എന്നിവരുമായി ഒത്തുകൂടും.

സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാൻ പള്ളുരുത്തി കേന്ദ്രമായി ആൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻ (ആശ) എന്ന സംഘടനക്ക് രൂപം നൽകിയത് അദ്ദേഹം മുൻകൈയെടുത്താണ്. മാസ്റ്ററോടുള്ള ആദരസൂചകമായി കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി മരുന്നുകട ബസ് സ്റ്റോപ്പിന് സമീപത്തെ ഓപ്പൺ എയർ മൈതാനത്തിന് എം.കെ. അർജുനൻ മാസ്റ്ററുടെ പേരു നൽകി.

എല്ലാവർഷവും മാർച്ച് ഒന്നിന് മാസ്റ്ററുടെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളും അയൽവാസികളും കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തും. ഭാര്യ ഭാരതി കേക്ക് മുറിച്ച് ഒരു കഷണം മാസ്റ്റർക്ക് നൽകും. ഉച്ചയ്ക്ക് തൂശനിലയിൽ മക്കളും മരുമക്കളും അടുത്ത സുഹൃത്തുക്കളുമാെത്ത് ഭക്ഷണം.

പള്ളുരുത്തി വൈ.സി.സി ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷവേളയിൽ അദ്ദേഹം നാട്ടിലെ കലാകാരന്മാരെ ആദരിച്ചിരുന്നു.

84 വയസ് പിന്നിട്ടെങ്കിലും സംഗീതസംവിധാനരംഗത്ത് കർമ്മനിരതനായിരുന്നു.