മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാമൂഹ അടുക്കളയിലേക്ക് ആയവന കൃഷി ഭവൻ്റെ നേതൃത്യത്തിൽ ഇക്കോ ഷോപ്പിൻ്റെ സഹകരണത്തോടെ കർഷകരുടെ വില്പനയ്ക്ക് ശേഷം മിച്ചം വരുന്ന വിവിധങ്ങളായ വിഷരഹിത പച്ചക്കറികളും, പഴവർഗ്ഗങ്ങളും പലചരക്ക് ഉല്പന്നങ്ങളും എത്തിച്ചു നൽകി. സാമൂഹ്യ അടുക്കളയിൽ പച്ചക്കറികളുടെ കടുത്ത ദൗർലഭ്യം അനുഭവപ്പെട്ടപ്പോഴാണ് ആയവന ക്യഷി ഭവൻ ഇടപ്പെട്ട് ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുവാൻ കർഷകരോട് അഭ്യർത്ഥിച്ചത്. ആയവന കൃഷി ഓഫീസർ ബോസ് മത്തായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റെബി ജോസിൻ്റെ സാന്നിദ്ധ്യത്തിൽ കുടുംബശ്രീ ചെയർപേഴ്സൺ മോളി തോമസിന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കൈമാറി. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഇക്കോ ഷോപ്പ് പ്രസിഡൻ്റ് സജീവ് വെട്ടിയാങ്കൽ, സെക്രട്ടറി സണ്ണി ജോൺ, വില്ലേജ് ഓഫീസർ റോയി ടി.ഏലിയാസ് എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് ശേഷം മിച്ചം വരുന്നവ കർഷകരിൽ ഇക്കോ ഷോപ്പിൽ ശേഖരിച്ച് സാമൂഹ്യ അടുക്കളയിലേക്ക് കൈമാറുമെന്നും ആയവന കൃഷി ഓഫീസർ അറിയിച്ചു.