കൊച്ചി: മലയാള ചലച്ചിത്രലോകത്തിന് ഇമ്പമാർന്ന സംഗീതം സമ്മാനിച്ച രണ്ടുമഹാരഥന്മാർ. ദേവരാജൻ മാസ്റ്ററും അദ്ദേഹത്തിന്റെ ശിഷ്യൻ എം.കെ.അർജ്ജുനനും. കാളിദാസ കാലകേന്ദ്രം നാടകഗ്രൂപ്പിലെ വി.ഡി രാജപ്പൻ എന്ന തബലിസ്റ്റാണ് ഹാർമോണിയം വായിക്കുന്ന പള്ളുരുത്തിക്കാരൻ അർജ്ജുനനെക്കുറിച്ച് ദേവരാജൻ മാസ്റ്ററോട് പറയുന്നത്. അർജ്ജുനനാണേലും ഭീമനാണേലും എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ പറഞ്ഞുവിടുമെന്നായിരുന്നു മറുപടി. ഒരിക്കലും അർജ്ജുനനെ ദേവരാജൻ മാസ്റ്റർക്ക് പറഞ്ഞുവിടേണ്ടി വന്നില്ല. കറുത്ത പൗർണമി എന്ന സിനിമയ്ക്ക് സ്വന്തമായി ഗാനം ചിട്ടപ്പെടുത്തുമ്പോൾ ഓർക്കസ്ട്രേഷൻ ചെയ്ത് പരിചയമില്ലാത്ത തന്റെ ശിഷ്യന് തന്നോടൊപ്പം ഉണ്ടായിരുന്ന ആർ.കെ ശേഖറിനെ (എ.ആർ റഹ്മാന്റെ പിതാവ്) വിട്ടുകൊടുത്തു ഗുരു. ഇരുവരും തമ്മിലുള്ള ശിഷ്യ ബന്ധം ഓർത്തെടുക്കുകയാണ് ദേവരാജൻ മാസ്റ്ററുടെ തന്നെ ശിഷ്യനായിരുന്ന ഗായകൻ സാദ്ദിഖ്.
ഇതുപോലൊരു ഗുരു-ശിഷ്യ ബന്ധം ഭൂമിയിൽ വേറെയുണ്ടോ എന്ന് ചിന്തിപ്പിക്കുന്ന തരത്തിലാണ് ഇരുവരും ഇടപഴകിയിരുന്നത്. മാസ്റ്ററെ കാരണവർ എന്നായിരുന്നു അർജ്ജുനൻ മാസ്റ്റർ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മുന്നിൽ ഒരിക്കൽ പോലും അർജ്ജുനൻ മാഷ് ഇരുന്നു കണ്ടിട്ടില്ല. ഓരോ തവണ കണ്ടുപിരിയുമ്പോഴും നെഞ്ചിൽ കൈ വെച്ച് പോകുന്നുവെന്ന് തലയാട്ടിയാണ് മടക്കം.
എന്നെ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാക്കിയതും അർജ്ജുനൻ മാഷാണ്. തബലയിൽ നിന്ന് വോക്കൽ പഠിക്കണമെന്നും ദേവരാജൻ മാസ്റ്ററിന്റെ ശിഷ്യനാകണമെന്നുമുള്ള ആഗ്രഹങ്ങൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആദ്യം അദ്ദേഹം എതിർത്തു. മാസ്റ്റർക്ക് ഇഷ്ടമാവില്ലെന്നായിരുന്നു ന്യായം. എന്നാൽ, എന്നെക്കുറിച്ച് മാസ്റ്ററോട് പറഞ്ഞ് കാണാനുള്ള അവസരവും അദ്ദേഹം ഒരുക്കി തന്നു. പിന്നീട്, 16 വർഷത്തോളം ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ ഭാഗ്യം കൈവന്നു.
എല്ലാ വർഷവും വിദ്യാരംഭ ദിനത്തിൽ അർജ്ജുനൻ മാസ്റ്റർക്കും ഞാൻ ദക്ഷിണ വച്ച് പാട്ടുപാടി നൽകാറുണ്ട് ഞാൻ. കുറച്ചുമാസങ്ങൾക്കു മുമ്പ് പോയത് ഒരു സംശയം തീർക്കാനാണ്. 'പൗർണ്ണമി ചന്ദ്രിക' എത്ര പാടിയിട്ടും ശരിയാകുന്നില്ല. ആ പ്രശ്നം തീർക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. മലയാളത്തിലെ ശുദ്ധസംഗീതമാണ് നിലച്ചുപോയത്.