ആലപ്പുഴ: ലോക്ക്ഡൗൺ കാലം ആഘോഷമാക്കാൻ കുടുംബശ്രീ അംഗങ്ങൾക്കായി ഓൺലൈൻ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലളിതഗാനം, കവിതാരചന, ഫോട്ടോഗ്രഫി എന്നീ ഇനങ്ങളിൽ ഓൺലൈനായാണ് മത്സരം. അയൽക്കൂട്ടാംഗങ്ങളുടെ മാനസിക ഉല്ലാസത്തിനും സർഗശേഷി പരിപോഷിപ്പിക്കാനുമായി ജില്ലാ മിഷനാണ് മത്സരം ഒരുക്കുന്നത്. ഏപ്രിൽ ആറുമുതൽ 10 വരെയാണ് കവിതാരചന മത്സരം. 11 മുതൽ 15 വരെ മൊബൈൽ ഫോട്ടോഗ്രഫി. ഇഷ്ടമുള്ള വിഷയം കവിതയ്ക്ക് തെരഞ്ഞെടുക്കാം.
കവിത എഴുതി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കണം. മൊബൈൽഫോണിൽ പകർത്തിയ ചിത്രങ്ങളാണ് ഫോട്ടോഗ്രഫി മത്സരത്തിന് അയയ്‌ക്കേണ്ടത്. പാട്ട് മൊബൈൽ ഫോണിൽ റെക്കോഡ്‌ചെയ്ത് സി.ഡി.എസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടത്. ഇതിൽനിന്ന് 12 ബ്ലോക്കിലെയും മികച്ച ഗായികയെ തെരഞ്ഞെടുക്കും. വിജയിക്ക് പിന്നീട് സമ്മാനങ്ങൾ നൽകും. മറ്റ് മത്സരങ്ങളും സമാനരീതിയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം ബ്ലോക്ക്തല വിജയികളെ പങ്കെടുപ്പിച്ച് ജില്ലാ മത്സരം നടത്താനാണ് തീരുമാനം.