കൊച്ചി: അനശ്വരമായ ഈണങ്ങളാൽ മാത്രമല്ല, ജീവിതത്തിന്റെ നൈർമ്മല്യം കൊണ്ടും ഏവർക്കും പ്രിയങ്കരനായ സംഗീതജ്ഞനാണ് എം.കെ. അർജുനൻ. സംഗീതം സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കുമ്പോഴും വിനയവും എളിമയും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കിട്ടാതെപോയ അംഗീകാരങ്ങൾ അദ്ദേഹത്തെ തെല്ലും അലട്ടിയിരുന്നില്ല.

അഹങ്കാരത്തിന്റെ കണികപോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരിക്കലുമില്ലായിരുന്നെന്ന് അടുപ്പമുള്ളവർ ഓർമ്മിക്കുന്നു. വലിപ്പച്ചെറുപ്പം ആരോടും കാട്ടിയിട്ടില്ല. പുതുതലമുറക്കാരെ മക്കളേയെന്ന് വിളിക്കും. ഓരോ വാക്കിലും സ്നേഹം ചാലിച്ചായിരുന്നു സംസാരം. ആരോടും പരിഭവം കാണിച്ചിട്ടില്ല.

ഗാനങ്ങൾ ആര് ഏല്പിച്ചാലും അദ്ദേഹം രണ്ട് ഈണങ്ങൾ ഹർമോണിയം ഉപയോഗിച്ച് ഒരുക്കും. സംവിധായകനോ ഗാനരചയിതാവോ വന്നാൽ ഇഷ്ടമുള്ളത് എടുക്കാം, ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊന്നു കൂടി ഒരുക്കാം എന്നായിരിക്കും അദ്ദേഹത്തിന്റെ നിലപാട്. ചില സംഗീതജ്ഞന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാറില്ല. കുറവോ തെറ്റോ ചൂണ്ടിക്കാട്ടിയാൽ ക്ഷോഭിക്കുന്നവരിൽ നിന്ന് വ്യത്യസ്തനായിരുന്നു അർജുനൻ മാസ്റ്റർ.

സംഗീതജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ആദ്യമായി സംസ്ഥാന അവാർഡ് അദ്ദേഹത്തെ തേടിവന്നത്. വൈകിപ്പോയെന്ന് സുഹൃത്തുക്കളും മറ്റും പറഞ്ഞപ്പോൾ ഇപ്പോഴെങ്കിലും ലഭിച്ചില്ലേ എന്നായിരുന്നു മറുചോദ്യം. അവാർഡ് സ്വീകരിച്ച് സംസാരിച്ചപ്പോഴും വൈകിയെങ്കിലും അംഗീകരിച്ചല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിനയം നിറഞ്ഞ വാക്കുകൾ.

ക്ഷുഭിതനാകുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ല. ശബ്ദം ഉയർത്തി ആരോടും സംസാരിക്കാറുമില്ല. ആർക്കും അടുത്തെത്താനും സംസാരിക്കാനും കഴിയും. എല്ലാവരോടും സൗമ്യമായി പെരുമാറാനും സാധാരണക്കാരനായി ജീവിക്കാനും അസാധാരണമായ കഴിവ് അദ്ദേഹം നേടിയിരുന്നത് സുഹൃത്തുക്കൾ അനുസ്‌മരിച്ചു.