പള്ളുരുത്തി: ഗുരുവായ ദേവരാജൻ മാഷാണ് ആർ.കെ.ശേഖറെ എം.കെ.അർജുനനെ പരിചയപ്പെടുത്തിയത്. ആ സൗഹൃദം ശേഖർ മരിച്ചിട്ടും മാഷ് കൈവിട്ടില്ല. ശേഖറിന്റെ മകനായ ദിലീപിനെ ഇന്നത്തെ എ.ആർ.റഹ്മാനാക്കി മാറ്റിയതിന് പിന്നിലും മാഷിന്റെ കരുതലുണ്ടായിരുന്നു.

ദിലീപിനെ റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്ക് കൈപിടിച്ചു കൊണ്ടു പോയതും ആദ്യമായി കീ ബോർഡ് വാങ്ങിക്കൊടുത്തതും മാഷാണ്. ഓസ്കാർ അവാർഡ് ലഭിച്ചപ്പോൾ റഹ്മാൻ ആദ്യം വിളിച്ചതും വേറെയാരെയുമല്ല.
എത്രയോ ഹിറ്റ് പാട്ടുകളുടെ പിറവി ശേഖറിന്റെ മദ്രാസിലെ വീട്ടിലായിരുന്നു. ആ സമയത്തും പയ്യനായ ദിലീപ് മാഷിന്റെ ഹർമോണിയത്തിൽ തൊട്ടും തലോടിയും നിൽക്കും. 1976 ൽ ശേഖറിന്റെ മരണത്തോടെ ദിലീപിന് ആശ്രയം മാഷായി. 1981ൽ ദിലീപിന് 13 വയസുള്ളപ്പോൾ എ.വി.എം സ്റ്റുഡിയോയിൽ കീബോർഡ് വായിപ്പിച്ച് അടിമച്ചങ്ങലയിലെ 'ഏറനാട്ടിൻ മണ്ണിൽ നിന്നുണർന്നെണീറ്റീടും..' എന്ന ഗാനം മാഷ്‌ ഒരുക്കി. പിന്നീട് ദിലീപിന്റെ കീ ബോർഡ് സ്പർശമില്ലാതെ മാഷ് ഒരു സിനിമയും ചെയ്തിട്ടില്ല.

ബ്രഹ്മാനന്ദൻ, കുമരകം രാജപ്പൻ, പട്ടണക്കാട് പുരുഷോത്തമൻ, ജെൻസി, മിൻമിനി, സൽമാ ജോർജ്, അയിരൂർ സദാശിവൻ, കൊച്ചിൻ വർഗീസ് തുടങ്ങിയവർ മാഷിന്റെ ശിഷ്യഗണങ്ങളിൽ പ്രമുഖരാണ്.